2020, നവംബർ 5, വ്യാഴാഴ്‌ച

മതിൽ

ചില്ല് കൊണ്ടു നിർമ്മിച്ച

ചുവരുകളുണ്ട് നമുക്കിടയിൽ.

പുറത്ത് നിൽക്കുന്നവൻ അത് കാണില്ല.

അകത്തിരിക്കുന്നവൻ അറിഞ്ഞാലും അറിഞ്ഞ ഭാവം കാട്ടില്ല.

മതിലുകളില്ലാത്ത ലോകത്തെക്കുറിച്ച്

കവിത എഴുതുന്ന അകത്തുള്ളവനെ കാണാൻ 

ആവേശത്തോടെ വരുന്ന പുറത്തുള്ളവൻ 

ആ ചുവരുകളിൽ തലയിടിച്ച് വീഴുമ്പോളാണ്

അദൃശ്യമായ അതിരുകളുടെ ആഴം‌ അളക്കാനാവുന്നത്.

ഗുരു

അദ്ദേഹം പപ്പടങ്ങൾ പൊടിച്ചപ്പോൾ,

നമ്മൾ പൊടിയാത്ത പുതിയ പപ്പടങ്ങൾ ഉണ്ടാക്കുന്നു.

നിശ്ശബ്ദത


നിശ്ശബ്ദരുടെ‌ കൈകളിലെല്ലാം ചോര പുരണ്ടിട്ടുണ്ട്.
അതറിയാഞ്ഞിട്ടല്ല വായ മൂടിയിരിക്കുന്നത്;

കഴുത്തിലും നെഞ്ചിലും 
ചോര പടരുമോയെന്ന പേടികൊണ്ടാണ്...

2019, ജൂൺ 13, വ്യാഴാഴ്‌ച

ചിലർ

ചരിത്രത്തിന്റെ ചുവരെഴുത്തുകൾ ആരൊക്കെയോ മായ്ച്ച് കളയുന്നുണ്ട്.
കഥകളുടെ മധുരമുള്ള കിണർ വെള്ളത്തിൽ
ആരോ വിഷം കലക്കുന്നുണ്ട്.
പുതിയ നുണകളുടെ വലിയ ഭാണ്ഡങ്ങൾ
ആരൊക്കെയോ ചുമക്കുന്നുണ്ട്.
മരിച്ചു പോയവരുടെ കുഴിമാടങ്ങളിൽ
ചിലർ മലമൂത്രവിസർജനം ചെയ്യുന്നുണ്ട്.
കുഴിച്ചുമൂടിയ ദുർഗന്ധങ്ങളൊക്കെ
തിരികെ പുറത്തെടുക്കുന്നുണ്ട് ചിലർ.
ഇതൊക്കെ കണ്ടിട്ടും ഒരക്ഷരം പോലും മിണ്ടാതിരിക്കുന്നുണ്ട് മറ്റ് ചിലർ.
എനിക്ക് ഭയം അവരെയാണ്!!!

രണ്ട് പല്ലികൾ

സ്വയം വാൽ മുറിച്ച വെളുത്ത പല്ലി
തന്റെ വീരകൃത്യം ഉറക്കെ പ്രഖ്യാപിച്ചു.
അകലെ നിന്ന കറുത്ത പല്ലിയോട്
അവൻ വിളിച്ചു പറഞ്ഞു-
"മുറിച്ചു മാറ്റൂ നീയും"
കറുത്ത പല്ലി തിരിച്ച് പറഞ്ഞു
"നിന്റെ വാൽ നിനക്ക് 
അലങ്കാരവും അശ്ലീലവുമാണ്.
എനിക്കതൊരു വൃത്തികേടും, ബാദ്ധ്യതയും.
ഞാൻ മുറിച്ചാലും നിങ്ങളെനിക്കത്
വീണ്ടും വച്ച് പിടിപ്പിച്ച് തരും.
എനിക്കതുണ്ടാവേണ്ടത്
നിങ്ങളുടെ ആവശ്യമാണ്.
നിന്റെ വാൽ മനോഹരമെന്ന്
ഓർമ്മപ്പെടുത്താൻ.
എനിക്കത് മുറിക്കാനാവില്ല സുഹൃത്തേ
നിനക്കതാവാം പക്ഷേ,
അതിങ്ങനെ വിളിച്ച് കൂവണമെന്നില്ല."

ചിതലുകളും ഞാനും

എന്റെ വീട്ടിൽ ചിതലുകളെ കണ്ടെത്തിയ ദിവസം തന്നെ
ഞാൻ അവയെ തുരത്തേണ്ടതായിരുന്നു.
ഞാൻ പക്ഷേ മടിച്ചിരുന്നു.
വെറും ചിതലുകളല്ലേ; അവയെന്ത് ചെയ്യാൻ-
ഞാൻ ചിന്തിച്ചു.
അവയെ അവഗണിച്ചും, പുച്ഛിച്ചും, കളിയാക്കിയും
ഞാൻ നേരമ്പോക്കി.
കുറച്ചുനാൾ കഴിഞ്ഞ് ഒരു ദിവസം
അടുത്ത വീട്ടിലെല്ലാം ചിതലുകൾ നിറഞ്ഞ് വീട്ടുകാരൊക്കെ പുറത്തായെന്ന് ഞാനറിഞ്ഞു.
അപ്പോഴും അയൽവക്കങ്ങളിലെ വീടുകളുടെ
അടിത്തറയുടേയും, മതിലിന്റേയുമൊക്കെ
നിലവാരമില്ലായ്മയെ
ഞാൻ പരിഹസിച്ചു;
എന്റെ വീടിന്റെ ബലത്തിൽ അഹങ്കരിച്ചു.
അവയെ പ്രതിരോധിക്കാൻ ഞാനൊന്നും ചെയ്തില്ല.
പൂവിനെക്കുറിച്ചും, പൂമ്പാറ്റയെക്കുറിച്ചും കവിതകളെഴുതി ഞാൻ കഴിഞ്ഞുകൂടി.
അങ്ങനെയിരിക്കെ ഒരു പ്രഭാതത്തിൽ
കണ്ണ് തുറന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി.
എന്റെ വീടും ചിതലുകൾ കയ്യടക്കിയിരിക്കുന്നു.
ഞാനവയെ തുരത്താൻ ശ്രമിച്ചു.
"കടക്കുപുറത്ത് ചിതലുകളേ"
ഞാൻ ആക്രോശിച്ചു.
അവരെനിക്കു നേരേ ചീറി -
" നീയാണ് ചിതൽ. നീയാണ് പുറത്തു പോവേണ്ടവൻ"
ഞാൻ വേഗം വീടു വിട്ടിറങ്ങി!!!