2016, ജനുവരി 20, ബുധനാഴ്‌ച

അവർണ്ണഗീതം

അന്ന്,

പ്രണയാർബുദത്തിന്റെ ബാക്കിപത്രം
മുറിച്ച് മാറ്റിയ ഒരു മുല,

ധർമ്മയുദ്ധത്തിൽ നെഞ്ചിൽതറച്ചത്
ഭീരുവായ പുരുഷശ്രേഷ്ഠന്റെ ഒളിയമ്പ്,

സ്വയം പഠിച്ച് മിടുക്കനായപ്പോൾ ഗുരുദക്ഷിണ
അറുത്തെടുത്ത പെരുവിരൽ,

ക്ഷണിച്ച് വരുത്തി സൽക്കരിച്ചുറക്കിയപ്പോൾ
സഹശയനത്തിന് മരണാഗ്നി,

കടുത്ത ശത്രുവിന്റെ വീര്യം കുറയ്ക്കാൻ കിരാതപുത്രന്റെ വിരിമാറ്...

ഇന്ന്,
വഴികൾ നിറയെ പൂത്ത് നില്ക്കുന്ന തൂക്കുമരങ്ങൾ...

2016, ജനുവരി 14, വ്യാഴാഴ്‌ച

ഞങ്ങളില്ല

ഞങ്ങൾ
താഴേയ്ക്ക് വളരുന്ന പടവലങ്ങകളാവാം,
ഇരുളും മുമ്പ് വീടണയുന്ന പക്ഷികളാവാം,
ശരീരം മുഴുവനും വസ്ത്രം പൊതിഞ്ഞുകെട്ടി മൃതദേഹങ്ങളാവാം,
കുട്ടികളെ നിർമ്മിക്കുന്ന ഫാക്ടറികളാവാം,
മാസത്തിൽ ഏഴുദിനം 'മാലിന്യം' പുറന്തള്ളാനുള്ള ഓടകളാവാം,
ഉറക്കെച്ചിരിക്കാനറിയാത്ത മൗനികളാവാം,
മുതുകിൽ ചാട്ടവാർ വീഴുമ്പോഴും മിണ്ടാതിരിക്കുന്ന കഴുതകളാവാം,
ചിറകുണ്ടായിട്ടും പറക്കാനറിയാത്ത വിഢ്ഢിപ്പറവകളാവാം.

പക്ഷേ, എല്ലാവരും പുറകോട്ട് നടന്നു തുടങ്ങുന്ന ഈ കാലത്ത് ,
'അരങ്ങിൽ നിന്നും അടുക്കളയിലേക്ക്' മടങ്ങൂ
എന്നാക്രോശിക്കുന്ന  കാലത്ത്
ഇതെല്ലാമൊരുമിക്കുന്ന മനുഷ്യസ്ത്രീകളാവാനില്ല!!!