2020 നവംബർ 5, വ്യാഴാഴ്‌ച

മതിൽ

ചില്ല് കൊണ്ടു നിർമ്മിച്ച

ചുവരുകളുണ്ട് നമുക്കിടയിൽ.

പുറത്ത് നിൽക്കുന്നവൻ അത് കാണില്ല.

അകത്തിരിക്കുന്നവൻ അറിഞ്ഞാലും അറിഞ്ഞ ഭാവം കാട്ടില്ല.

മതിലുകളില്ലാത്ത ലോകത്തെക്കുറിച്ച്

കവിത എഴുതുന്ന അകത്തുള്ളവനെ കാണാൻ 

ആവേശത്തോടെ വരുന്ന പുറത്തുള്ളവൻ 

ആ ചുവരുകളിൽ തലയിടിച്ച് വീഴുമ്പോളാണ്

അദൃശ്യമായ അതിരുകളുടെ ആഴം‌ അളക്കാനാവുന്നത്.

ഗുരു

അദ്ദേഹം പപ്പടങ്ങൾ പൊടിച്ചപ്പോൾ,

നമ്മൾ പൊടിയാത്ത പുതിയ പപ്പടങ്ങൾ ഉണ്ടാക്കുന്നു.

നിശ്ശബ്ദത


നിശ്ശബ്ദരുടെ‌ കൈകളിലെല്ലാം ചോര പുരണ്ടിട്ടുണ്ട്.
അതറിയാഞ്ഞിട്ടല്ല വായ മൂടിയിരിക്കുന്നത്;

കഴുത്തിലും നെഞ്ചിലും 
ചോര പടരുമോയെന്ന പേടികൊണ്ടാണ്...

2019 ജൂൺ 13, വ്യാഴാഴ്‌ച

ചിലർ

ചരിത്രത്തിന്റെ ചുവരെഴുത്തുകൾ ആരൊക്കെയോ മായ്ച്ച് കളയുന്നുണ്ട്.
കഥകളുടെ മധുരമുള്ള കിണർ വെള്ളത്തിൽ
ആരോ വിഷം കലക്കുന്നുണ്ട്.
പുതിയ നുണകളുടെ വലിയ ഭാണ്ഡങ്ങൾ
ആരൊക്കെയോ ചുമക്കുന്നുണ്ട്.
മരിച്ചു പോയവരുടെ കുഴിമാടങ്ങളിൽ
ചിലർ മലമൂത്രവിസർജനം ചെയ്യുന്നുണ്ട്.
കുഴിച്ചുമൂടിയ ദുർഗന്ധങ്ങളൊക്കെ
തിരികെ പുറത്തെടുക്കുന്നുണ്ട് ചിലർ.
ഇതൊക്കെ കണ്ടിട്ടും ഒരക്ഷരം പോലും മിണ്ടാതിരിക്കുന്നുണ്ട് മറ്റ് ചിലർ.
എനിക്ക് ഭയം അവരെയാണ്!!!

രണ്ട് പല്ലികൾ

സ്വയം വാൽ മുറിച്ച വെളുത്ത പല്ലി
തന്റെ വീരകൃത്യം ഉറക്കെ പ്രഖ്യാപിച്ചു.
അകലെ നിന്ന കറുത്ത പല്ലിയോട്
അവൻ വിളിച്ചു പറഞ്ഞു-
"മുറിച്ചു മാറ്റൂ നീയും"
കറുത്ത പല്ലി തിരിച്ച് പറഞ്ഞു
"നിന്റെ വാൽ നിനക്ക് 
അലങ്കാരവും അശ്ലീലവുമാണ്.
എനിക്കതൊരു വൃത്തികേടും, ബാദ്ധ്യതയും.
ഞാൻ മുറിച്ചാലും നിങ്ങളെനിക്കത്
വീണ്ടും വച്ച് പിടിപ്പിച്ച് തരും.
എനിക്കതുണ്ടാവേണ്ടത്
നിങ്ങളുടെ ആവശ്യമാണ്.
നിന്റെ വാൽ മനോഹരമെന്ന്
ഓർമ്മപ്പെടുത്താൻ.
എനിക്കത് മുറിക്കാനാവില്ല സുഹൃത്തേ
നിനക്കതാവാം പക്ഷേ,
അതിങ്ങനെ വിളിച്ച് കൂവണമെന്നില്ല."

ചിതലുകളും ഞാനും

എന്റെ വീട്ടിൽ ചിതലുകളെ കണ്ടെത്തിയ ദിവസം തന്നെ
ഞാൻ അവയെ തുരത്തേണ്ടതായിരുന്നു.
ഞാൻ പക്ഷേ മടിച്ചിരുന്നു.
വെറും ചിതലുകളല്ലേ; അവയെന്ത് ചെയ്യാൻ-
ഞാൻ ചിന്തിച്ചു.
അവയെ അവഗണിച്ചും, പുച്ഛിച്ചും, കളിയാക്കിയും
ഞാൻ നേരമ്പോക്കി.
കുറച്ചുനാൾ കഴിഞ്ഞ് ഒരു ദിവസം
അടുത്ത വീട്ടിലെല്ലാം ചിതലുകൾ നിറഞ്ഞ് വീട്ടുകാരൊക്കെ പുറത്തായെന്ന് ഞാനറിഞ്ഞു.
അപ്പോഴും അയൽവക്കങ്ങളിലെ വീടുകളുടെ
അടിത്തറയുടേയും, മതിലിന്റേയുമൊക്കെ
നിലവാരമില്ലായ്മയെ
ഞാൻ പരിഹസിച്ചു;
എന്റെ വീടിന്റെ ബലത്തിൽ അഹങ്കരിച്ചു.
അവയെ പ്രതിരോധിക്കാൻ ഞാനൊന്നും ചെയ്തില്ല.
പൂവിനെക്കുറിച്ചും, പൂമ്പാറ്റയെക്കുറിച്ചും കവിതകളെഴുതി ഞാൻ കഴിഞ്ഞുകൂടി.
അങ്ങനെയിരിക്കെ ഒരു പ്രഭാതത്തിൽ
കണ്ണ് തുറന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി.
എന്റെ വീടും ചിതലുകൾ കയ്യടക്കിയിരിക്കുന്നു.
ഞാനവയെ തുരത്താൻ ശ്രമിച്ചു.
"കടക്കുപുറത്ത് ചിതലുകളേ"
ഞാൻ ആക്രോശിച്ചു.
അവരെനിക്കു നേരേ ചീറി -
" നീയാണ് ചിതൽ. നീയാണ് പുറത്തു പോവേണ്ടവൻ"
ഞാൻ വേഗം വീടു വിട്ടിറങ്ങി!!!

'മിയ എന്ന പൂച്ചക്കുട്ടി' - ഒരു ആസ്വാദനം

'ബാല്യകാലസഖി'യെക്കുറിച്ച് ശ്രീ എം.പി.പോൾ എഴുതിയ പ്രശസ്തമായ ഒരു നിരീക്ഷണമുണ്ട് - " ഇത് ഹൃദയത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടാണ്. ഇതിന്റെ അറ്റത്ത് ചോര പൊടിഞ്ഞിരിക്കുന്നുണ്ട്". ശ്രീ റോജന്റെ "മിയ എന്ന പൂച്ചക്കുട്ടി" വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഇത് തന്നെയാണ്. എഴുത്തുകാരന്റെ ഹൃദയത്തിൽ നിന്ന് ചീന്തിയെടുത്ത പുസ്തകം, അതിന്റെ അരികുകളിലെല്ലാം ചോര പൊടിഞ്ഞിരിക്കുന്നു; ചിലയിടത്തെല്ലാം നിലയ്ക്കാതെ പ്രവഹിക്കുന്നു.

അതിശയിക്കും വിധം സത്യസന്ധമായ എഴുത്ത്. അയാളുടെ മനസ്സ് പൂർണ്ണ നഗ്നമായി വായനക്കാരനു മുമ്പിൽ തുറന്നിട്ടിരിക്കുന്നു. തന്റെ അനുഭവങ്ങൾ, മുറിവുകൾ, പാപങ്ങൾ എല്ലാം ഒരു കുമ്പസാരം പോലെ അയാൾ നമ്മളോട് പറയുകയാണ്, കവിത തുളുമ്പുന്ന ഭാഷയിൽ. ചില വാക്യങ്ങൾ നോക്കാം.

"ഉള്ളിലൊരാൾ വെട്ടിയ മുറിപ്പാടിനാൽ മദ്യപിച്ച് ബോധരഹിതനായ രാത്രി."
"അരിമ്പൂർ സ്നേഹത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ്."
"ഒരുവളുടെ നിർവ്യാജമായ പ്രണയം ഒരുവനെ മിശിഹയാക്കുമെന്ന്..."
"നരകങ്ങളുടെ നെരിപ്പോടിൽ പാകപ്പെട്ട ദിനങ്ങൾ"
"വാഹനങ്ങൾ പൊങ്ങുതടി പോലെ ഒഴുകുന്ന നദിയാണ് റോഡെന്ന് തോന്നി"

ഇതുപോലുള്ള അതിമനോഹരങ്ങളായ വരികൾ എത്ര വേണമെങ്കിലും എടുത്തെഴുതാം. പക്ഷേ അതിലൊക്കെ ഉപരി എഴുത്തുകാരന്റെ പേടിപ്പിക്കുന്ന സത്യസന്ധതയാണ് എന്നെ ഉലച്ച് കളഞ്ഞത്. എന്റെ സുഹൃത്ത് SyamKrishnan ആണ് ഈ പുസ്തകം വായിക്കാൻ നിർദേശിച്ചത്. അവൻ എഴുതിയതു പോലെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ " ചിദംബരസ്മരണകൾ" എനിക്കും ഓർമ്മ വന്നു. രണ്ടിലും നിറഞ്ഞ് നില്ക്കുന്നത് പച്ചയായ ജീവിതത്തിന്റെ ഉഷ്ണവും വിയർപ്പും. റോജന്റെ ചില പ്രയോഗങ്ങളും ചുള്ളിക്കാടിനെ അനുസ്മരിപ്പിച്ചു- 'അമ്ളചുംബനം' ,'തരുണാർദ്രമായ ഋതു' . 

പ്രിയപ്പെട്ട റോജൻ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എനിക്ക് നിങ്ങളെ അറിയില്ലായിരുന്നു. പക്ഷേ, ഒരു കുഞ്ഞുപുസ്തകത്തിലൂടെ ഞാനിപ്പോൾ നിങ്ങളെ അടുത്തറിയുന്നു. നിങ്ങൾ എഴുതി - "ജീവിതം നമുക്കായി പാത്തുവക്കുന്ന വിചിത്രമായ രംഗങ്ങളെക്കുറിച്ചോർത്തു.അപ്പൊ ഇവയൊക്കെ നിങ്ങളൊട് പറയാമെന്നുവച്ചു. നിങ്ങളല്ലാതെ എന്നിൽ മറ്റെന്താണ് ബാക്കിയുള്ളത്". നന്ദി, ഞങ്ങളെ വിശ്വസിച്ചതിന്, അല്ലെങ്കിൽ ഇത്രമേൽ തീക്ഷ്ണമായ, പൊള്ളിക്കുന്ന ഒരു പുസ്തകം ഞങ്ങൾക്ക് ലഭിക്കില്ലായിരുന്നല്ലോ...

2016 ഡിസംബർ 23, വെള്ളിയാഴ്‌ച

ഭയം

കതകിൽ മുട്ടുന്നാരോ,
ഇരുളിൽ, വീണ്ടും വീണ്ടും.
തുറന്നു നോക്കാനായി
പേടിയാണെനിക്കിപ്പോൾ.

വിശന്ന നേരം തിന്നു-
പോയതിൻ ബാക്കിപത്രം
ചികഞ്ഞു നോക്കാൻ വന്ന
ഭ്രാന്തന്മാരാണെങ്കിലോ.

അറിയാതെന്നോ പണ്ട്
കുറിച്ച വരികൾക്ക്
പകരം വിരൽ വാങ്ങാൻ
വരുന്നോരാണെങ്കിലോ.

ചിലപ്പോൾ പ്രണയിച്ചു
പോയ സാഹസത്തിന്ന്
വിധിക്കാൻ പുറപ്പെട്ട
ന്യായവാദികളാവാം.

കറുത്ത നിയമങ്ങൾ
എഴുതി വച്ചീടുമ്പോൾ
എതിർത്ത കുറ്റത്തിന്ന്
നിയമപാലകരാകാം.

അറിഞ്ഞ ശാസ്ത്രത്തിനാൽ
ഇരുളൊന്നകറ്റുമ്പോൾ
ഉറക്കം നഷ്ടപ്പെട്ട
യമകിങ്കരരാവാം.

പേരുകൾ പലതാവാ-
മെന്നിരുന്നാലും മുഖം-
മൂടിയൊന്നഴിഞ്ഞെന്നാൽ
എല്ലാരുമൊരുപോലെ.
നിറവും ഭാവങ്ങളും
വേറെയായേക്കാമെന്നാൽ
പറയും ഭാഷക്കെല്ലാം
എത്രയോ‌ സാഹോദര്യം.
പേരിവർക്കൊന്നേയുള്ളൂ
'ഭരിക്കുന്നവൻ', ബാക്കി-
യാടയാഭരണങ്ങൾ
മാറിമാറി വന്നേക്കാം.

ആരുമാവട്ടേ ഇനി
തുറക്കാനാവില്ലെനി-
ക്കോർമ്മകൾ കുഴിവെട്ടി
മൂടുവാൻ പഠിക്കണം.

'തെറ്റ് കുറ്റങ്ങൾ'ക്കെല്ലാം
മാപ്പുകൾ പറയണം
മിണ്ടാതെയനങ്ങാതെ
ഉറങ്ങി‌ ജീവിക്കണം.

2016 മാർച്ച് 9, ബുധനാഴ്‌ച

മറുപടി

"എവിടെപ്പോയിരുന്നു നീ
പണ്ടു നീ വന്നിട്ടില്ല,
ഒഴുകിയൊലിച്ചിട്ടു-
ണ്ടൊരുപാടു രക്തം പണ്ടും.
മരണം മണക്കുന്ന
വാക്കുകൾ വീണിട്ടുണ്ട്,
അവിടൊക്കെയും നിന്റെ
തരിപോലും ദർശിച്ചില്ല."

ഉയരുന്നുണ്ടീ ചോദ്യം
അവരെ ചോദ്യം ചെയ്താൽ.

"എവിടെപ്പോയീ നീയ-
ന്നീ മണ്ണ് മുറിച്ചപ്പോൾ,
ചുവന്ന കൊടിയുള്ളോർ
നമ്മളെ വഞ്ചിച്ചപ്പോൾ,
എഴുത്തും സംസാരവും
അവർ പണ്ടെതിർത്തപ്പോൾ,
തലപ്പാവുള്ളോർക്കൊക്കെ
മരണം കുറിച്ചപ്പോൾ,
നഗരങ്ങളേയൊക്കെ
ഞെട്ടിച്ചു പൊള്ളിച്ചപ്പോൾ,
ഒളിച്ചുപോയോ നീയ-
ന്നെതിർത്തു കണ്ടിട്ടില്ല.
ഇനിയും പുലമ്പിയാൽ
അറുത്തു മാറ്റും നാവും
മുറിച്ചു മാറ്റും കൈയ്യും
പിന്നെ നീയനങ്ങില്ല."


ശരിയാണവയൊക്കെ,
ഞാനെങ്ങുമുണ്ടായില്ല,
പതിയെ ഉറക്കം വി-
ട്ടെഴുന്നേൽക്കുന്നേയുള്ളൂ.

തുറന്ന കണ്ണിൽ കണ്ടൂ
നിറയേ ഭയങ്ങളും
കപട സ്തുതി, വെറു-
പ്പാർക്കുന്ന വഴികളും
മുറിഞ്ഞ നാവ്, ചോര
കിനിയും വിരലുകൾ,
ചെവിയിൽ മുഴങ്ങുന്ന
വ്യർത്ഥമാം കരച്ചിലും.

അതുകേട്ടിവിടെത്തീ
എഴുതിത്തുടങ്ങീ ഞാൻ,
പറയാം മറുപടി,
നിർബന്ധമല്ലെങ്കിലും

ഇവിടെയെങ്കിലും ഞാനു-
ണ്ടെവിടെയുമില്ലെങ്കിലും
ഇനിയും കാണും വാക്കിൻ
കവചങ്ങളും പേറി.



2016 ഫെബ്രുവരി 17, ബുധനാഴ്‌ച

നിയമങ്ങൾ

ചുഴന്നെടുത്ത കണ്ണിൽ ഒഴുകിനിറഞ്ഞ പ്രണയം,

പൊള്ളലേറ്റ കവിളിൽ ചുംബനത്തിന്റെ താപം,

അറുത്തുമാറ്റിയ വിരലുകളിൽ കവിതയുടെ മഷി നിറഞ്ഞ പേന,

പിഴുതെടുത്ത നാവിൽ പകുതിയിൽ മുറിച്ച ഒരു ചോദ്യം,

കത്തിച്ച് കളഞ്ഞ ഉടലിന്റെ ചാരത്തിൽ ശാസ്ത്രത്തിന്റെ ദുർഗന്ധം,

ഛേദിക്കപ്പെട്ട മുലകളിൽ വാത്സല്യത്തിന്റെ മുലപ്പാൽ,

മുറിച്ച് മാറ്റിയ ഭ്രൂണത്തിൽ ഒരു ചെറിയ പെൺവിരൽ,

വെട്ടിമാറ്റിയ കൈത്തണ്ടിൽ അദ്ധ്വാനത്തിന്റെ വിയർപ്പ്.

ആൾക്കൂട്ടത്തിന്റെ കോടതിയിൽ
ഭയം ഒരു നിയമമാവുന്നു...
ചരിത്രം ഒരു കെട്ടുകഥയാവുന്നു...
ശബ്ദം ഒരു കുറ്റമാവുന്നു!

2016 ജനുവരി 20, ബുധനാഴ്‌ച

അവർണ്ണഗീതം

അന്ന്,

പ്രണയാർബുദത്തിന്റെ ബാക്കിപത്രം
മുറിച്ച് മാറ്റിയ ഒരു മുല,

ധർമ്മയുദ്ധത്തിൽ നെഞ്ചിൽതറച്ചത്
ഭീരുവായ പുരുഷശ്രേഷ്ഠന്റെ ഒളിയമ്പ്,

സ്വയം പഠിച്ച് മിടുക്കനായപ്പോൾ ഗുരുദക്ഷിണ
അറുത്തെടുത്ത പെരുവിരൽ,

ക്ഷണിച്ച് വരുത്തി സൽക്കരിച്ചുറക്കിയപ്പോൾ
സഹശയനത്തിന് മരണാഗ്നി,

കടുത്ത ശത്രുവിന്റെ വീര്യം കുറയ്ക്കാൻ കിരാതപുത്രന്റെ വിരിമാറ്...

ഇന്ന്,
വഴികൾ നിറയെ പൂത്ത് നില്ക്കുന്ന തൂക്കുമരങ്ങൾ...

2016 ജനുവരി 14, വ്യാഴാഴ്‌ച

ഞങ്ങളില്ല

ഞങ്ങൾ
താഴേയ്ക്ക് വളരുന്ന പടവലങ്ങകളാവാം,
ഇരുളും മുമ്പ് വീടണയുന്ന പക്ഷികളാവാം,
ശരീരം മുഴുവനും വസ്ത്രം പൊതിഞ്ഞുകെട്ടി മൃതദേഹങ്ങളാവാം,
കുട്ടികളെ നിർമ്മിക്കുന്ന ഫാക്ടറികളാവാം,
മാസത്തിൽ ഏഴുദിനം 'മാലിന്യം' പുറന്തള്ളാനുള്ള ഓടകളാവാം,
ഉറക്കെച്ചിരിക്കാനറിയാത്ത മൗനികളാവാം,
മുതുകിൽ ചാട്ടവാർ വീഴുമ്പോഴും മിണ്ടാതിരിക്കുന്ന കഴുതകളാവാം,
ചിറകുണ്ടായിട്ടും പറക്കാനറിയാത്ത വിഢ്ഢിപ്പറവകളാവാം.

പക്ഷേ, എല്ലാവരും പുറകോട്ട് നടന്നു തുടങ്ങുന്ന ഈ കാലത്ത് ,
'അരങ്ങിൽ നിന്നും അടുക്കളയിലേക്ക്' മടങ്ങൂ
എന്നാക്രോശിക്കുന്ന  കാലത്ത്
ഇതെല്ലാമൊരുമിക്കുന്ന മനുഷ്യസ്ത്രീകളാവാനില്ല!!!

2015 ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ബഷീറിന്റെ ചില കഥാപാത്രങ്ങൾ ഇപ്പോൾ

പൊൻ കുരിശ് തോമയും, ആനവാരി രാമൻനായരും (1) ഇപ്പോൾ അകൽച്ചയിലാണ്.
ഇരുവരും വലിയ സമുദായ നേതാക്കൻമാരാണല്ലോ.
നാരായണി(2) ലൗ ജിഹാദിന്റെ ആദ്യത്തെ ഇര എന്നാണ് അറിയപ്പെടുന്നത്.
ആകാശമിഠായി(3) ഇപ്പോഴും ഒറ്റക്കാണ്; മതമില്ലാത്തതിനാൽ അയാൾക്കൊരു കൂട്ട്കൊടുക്കാൻ ആരും തയ്യാറായില്ല.

സ്ഥലത്തെ പ്രധാന ദിവ്യൻമാർ(4) മാത്രം ഇപ്പോഴും സുഖമായിരിക്കുന്നു.
എഴുത്തിന്റെ തമ്പുരാനേ, ഞങ്ങളോട് ക്ഷമിക്കേണമേ...

-----------------------------------------------
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിൽ നിന്ന്
1. ആനവാരിയും പൊൻകുരിശും.
2. മതിലുകൾ.
3. പ്രേമലേഖനം.
4. സ്ഥലത്തെ പ്രധാന ദിവ്യൻ

2015 ജൂലൈ 25, ശനിയാഴ്‌ച

ഈയടുത്ത് കേൾക്കുന്നത്...

"നിങ്ങൾ ഞങ്ങളുടെ കൂടെയല്ലെങ്കിൽ നിങ്ങൾ അവരുടെ കൂടെയാണ് *"...

ഞങ്ങളെന്നും ശരി മാത്രം പ്രവർത്തിക്കുന്നവർ;
ആരെയും തൊട്ടുപോലും നോവിക്കാത്തവർ;
സത്യം മാത്രം പറയുന്നവർ;
ധർമ്മം മാത്രം ചെയ്യുന്നവർ.
അതുകൊണ്ടുതന്നെ ഞങ്ങൾക്കെതിരേ പറയുന്ന നിങ്ങൾ ഭീകരരാണ്;
അക്രമികളും അവസരവാദികളുമാണ്;
കാപട്യവും, ക്രൂരതയും മുഖമുദ്രയാക്കിയവരാണ്;
രാജ്യദ്രോഹികളാണ്!!!

അതുകൊണ്ട്
നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരേണ്ട ബാദ്ധ്യത ഞങ്ങൾക്കില്ല.
നിങ്ങളെഴുതുന്നതെന്തും ഞങ്ങൾ പരിശോധിച്ചേ പുറത്ത് വിടൂ.
നിങ്ങളുടെ സമരങ്ങളെല്ലാം ഞങ്ങൾ അടിച്ചമർത്തും.
ആര് എവിടെ ഇരിക്കണമെന്നും എന്ത് തിന്നണമെന്നും 
എന്ത് ധരിക്കണമെന്നും എന്ത് കാണണമെന്നും ഞങ്ങൾ തീരുമാനിക്കും.

രാജാവിന്റെ നഗ്നത കണ്ടാലും ശബ്ദിക്കരുത്, കാരണവർക്ക് അടുപ്പിലുമാകാം.
നാവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല; 
അത് ഞങ്ങൾക്ക് തരുന്നതാണ് നല്ലത്.
ഞങ്ങൾ മുന്നോട്ട് കുതിക്കുമ്പോൾ വഴിയിൽ തടസ്സം നിൽക്കരുത്, ചവിട്ടിമെതിച്ച് കടന്നുപോകും.
അല്ലെങ്കിൽ നാടുകടത്തും..

പറഞ്ഞല്ലോ, നിങ്ങൾ ഞങ്ങളുടെ കൂടെയല്ലെങ്കിൽ അവരുടെ കൂടെയാണ്*

-----------------------------------------------
* - 'The Matrix' എന്ന സിനിമയിലെ പ്രശസ്തമായ സംഭാഷണശകലം - "If you are not one of us, you are one of them".

2015 ജൂലൈ 22, ബുധനാഴ്‌ച

തോൽക്കാൻ പഠിക്കാത്തവർ

ആദ്യം പഠിക്കേണ്ടിയിരുന്നത്  എങ്ങനെ തോൽക്കാം എന്നായിരുന്നു.
ആരും അത് പഠിപ്പിച്ചില്ല. 
അമ്മയും, ടീച്ചറുമെല്ലാം പറഞ്ഞു തന്നത് ജയിക്കാനുള്ള വഴികൾ..

അല്ലെങ്കിൽ മുയലിനു മൂന്നുകൊമ്പെന്ന് വാദിക്കില്ലായിരുന്നു;
പരീക്ഷയിൽ തോറ്റപ്പോൾ ആത്മഹത്യ ചെയ്യില്ലായിരുന്നു;
പ്രണയം നിരസിച്ചവളുടെ മുഖത്ത് ആസിഡ് ഒഴിക്കില്ലായിരുന്നു;
ജോലി കിട്ടാഞ്ഞപ്പോൾ കൈക്കൂലി കൊടുക്കില്ലായിരുന്നു;
സുഹൃത്തിനെ ഒറ്റുകൊടുക്കില്ലായിരുന്നു.

ഉയരാനായി അഴുകിയ കാലുകൾ കഴുകിക്കൊടുക്കില്ലായിരുന്നു;
വിമർശിക്കുന്നവനെ കണ്ണുപൊട്ടുന്ന തെറി പറഞ്ഞൊതുക്കില്ലായിരുന്നു.

ഇത്രയ്ക്ക് വളരില്ലായിരുന്നു;
കൊല്ലില്ലായിരുന്നു, കൂട്ടിക്കൊടുക്കില്ലായിരുന്നു;
ഇങ്ങനെ മരിച്ച് ജീവിക്കില്ലായിരുന്നു...

2015 ജൂലൈ 21, ചൊവ്വാഴ്ച

ദുർഗന്ധങ്ങൾ

എഴുതി വച്ചത് വായിച്ചു കൊണ്ടിരുന്നപ്പോൾ 
വല്ലാത്ത ദുർഗന്ധം ഇരച്ചുവന്നു.
വിദഗ്ദ്ധനായ ഒരു നായയെപ്പോലെ മണം പിടിച്ചു നോക്കി.
വരുന്നത് കടലാസിൽ നിന്നു തന്നെ.
വീണ്ടും മണത്തു നോക്കി, 
എഴുതിയതിന്റെ മറുപുറം നാറ്റമില്ല;
മഷിയുടേതാണോ, അല്ല.
പിന്നെ...
ഒരു ചെറിയ സംശയം. 
ആദ്യം പ്രണയം എന്ന വാക്ക് വെട്ടിക്കളഞ്ഞു; കുറച്ചു ഭേദമുണ്ട്.
പിന്നെ ഓരോന്നായി വെട്ടിനോക്കി - 
ദു:ഖം,  ഖേദം, വികസനം, പീഡനം,രാഷ്ട്രീയം...
ഓരോന്നു വെട്ടിയപ്പോഴും കെട്ട മണം കുറഞ്ഞ് വന്നു.
പക്ഷെ അപ്പൊഴും പ്രധാന പ്രശ്നം പരിഹരിച്ചിരുന്നില്ല.
ഒന്നു കൂടെ വായിച്ചു നോക്കി, 
ഭയത്തോടെ, ആ പദം വെട്ടിമാട്ടി - " മതം";
എല്ലാ ദുർഗന്ധങ്ങളും നിലച്ചു!!!

2014 മാർച്ച് 10, തിങ്കളാഴ്‌ച

ഡ്രൈവർ

ഞാൻ  ഒരു കാർ  ഡ്രൈവർ  ആയിരുന്നു. നല്ല വേഗത്തിൽ  മനോഹരമായി വണ്ടി  ഓടിക്കുന്ന ഒരാൾ . ഒരു കുഴപ്പം മാത്രമേയുള്ളൂ. വഴിയിൽ  വല്ല പട്ടിക്കുട്ടികളേയും  കണ്ടാൽ  ഇടിച്ചു കൊന്നു കളയും ! ആർക്കും ഒരു പ്രയോജനവും  ഇവറ്റകളെക്കൊണ്ട് ഉണ്ടാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല.

ആദ്യമൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു.  അല്പം കഴിഞ്ഞപ്പോൾ കുറേ മൃഗസ്നേഹികൾ എനിക്കെതിരേ കേസ് കൊടുത്തു.എന്റെ ലൈസെൻസ് റദ്ദാക്കണം  എന്നായിരുന്നു ആവശ്യം. പക്ഷേ എന്റെ ഡ്രൈവിംഗ് കണ്ട് അന്ധാളിച്ചു പോയ കോടതി പറഞ്ഞു -"നീ  ഇനി കാർ  ഓടിക്കണ്ട, പോയി നാഷണൽ പെർമിറ്റ്  ലോറി ഓടിക്കൂ !!!"



2013 ജനുവരി 24, വ്യാഴാഴ്‌ച

ഫാരിദ്ദീന്‍ നീ എവിടെയാണ്?

"ആലുവാക്കിനിയെത്ര ദൂരം നാം നടക്കണം,
ആകവേ ചിരിച്ചും, നിസ്സംഗതയൊളിപ്പിച്ചും,
കൗതുകം സൂക്ഷിക്കുവോര്‍ കവികള്‍ ചങ്ങാതിമാര്‍
കണ്ടതും, കാണാത്തതും നമുക്കു വിശേഷങ്ങള്‍"

ചേച്ചിയുടെ കോളേജ് മാഗസിനില്‍ ആണ് ഈ കവിത വായിച്ചത്. അന്ന് ഞാന്‍ സ്കൂളില്‍ പഠിക്കുന്നു. അതിമനോഹരമായി തോന്നി വരികള്‍. തുടര്‍ന്നും വായിചു. ഒരുപാടിഷ്ടപ്പെട്ടു. കവിയുടെ പേര് മനസ്സില്‍ കുറിച്ചു - "ഫാരിദ്ദീന്‍ എ എസ്" . യു സി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ ഫാരിദ്ദീനെ കാണാന്‍ കഴിയും എന്ന് ഓര്‍ത്തിരുന്നില്ല. പക്ഷേ, SFI യുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി വന്നയാളുടെ പേര് കേട്ടപ്പോള്‍ തലയുയര്‍ത്തി നോക്കി - "ഫാരിദ്ദീന്‍". പഴയ കവിതയുടെ വരികള്‍ മനസ്സില്‍ ഉയര്‍ന്നു -
"പ്രേമവും വിഭക്തിയും ജീവിതമായീടുമ്പോള്‍,
ആരുടെ പരുക്കിലെ നൊമ്പരം കനക്കുമ്പോള്‍,
കാവ്യകാരന്മാര്‍ ചിത്തഭ്രമമുള്ളവര്‍ നമ്മള്‍
ഏതൊരു സ്വൈര്യക്കേടിന്‍ തണലില്‍  നടക്കുന്നു"
(വരികള്‍ ഓര്‍മ്മയില്‍ നിന്ന് എഴുതുന്നതാണ്; തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക)

അയാള്‍ നന്നായി പ്രസംഗിച്ചു. അതോടെ എന്റെ മനസ്സില്‍ ഒരു "ഹീറോ" ആയി മാറിയിരുന്നു ഫാരിദ്ദീന്‍. കോളേജിലെ arts fest ന് കവിതാ മത്സരത്തിന് ഞാനും പോയി. "പുഴ" എന്നായിരുന്നു വിഷയം. വളരെ പെട്ടെന്ന് ഒരു പൊട്ടക്കവിത എഴുതി ഞാന്‍ ഇറങ്ങി. അന്ന് ഒന്നാം സ്ഥാനം ഫാരിദ്ദീനായിരുന്നു. ആ വര്‍ഷം മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കോളേജ്തല കവിതാ മത്സരത്തിനും അയാള്‍ തന്നെ സമ്മാനം നേടി. അതിലും പ്രമേയം പുഴ തന്നെയായിരുന്നു. അയാള്‍ ഒരു വലിയ കവിയാകുമെന്ന് അന്നെനിക്കുറപ്പായി. പക്ഷേ, ഒരിക്കല്‍ പോലും അയാളെ ഞാന്‍ പരിചയപ്പെട്ടില്ല. ഒരു അപകര്‍ഷതാ ബോധവും, അസൂയയും.. :-)

നോവലും,ചെറുകഥയും മാത്രം വായിച്ചിരുന്ന ഞാന്‍ അതോടെ കവിത വായിച്ചു തുടങ്ങി. ഒരു പുതിയ ഭാവുകത്വം എന്നില്‍ നിറഞ്ഞു. അല്ലറചില്ലറ കവിതകള്‍ കുറിച്ചു തുടങ്ങി. ഫാരിദ്ദീന്‍ ഡിഗ്രി കഴിഞ്ഞു് കോളേജ് വിട്ടിറങ്ങിയിരുന്നു.പിന്നീട് പല മാഗസിനുകളിലും അയാളുടെ കവിതകള്‍ വരുമെന്ന് ഞാന്‍ കരുതി. പലപ്പോഴും അതിനായി മാഗസിനുകള്‍ വാങ്ങി. പക്ഷേ, പിന്നീടിന്നു വരെ ആ പേര് ഞാന്‍ കണ്ടിട്ടില്ല. ഒരിക്കലും അറിയപ്പെടാതെ പോകുന്ന ഒരുപാട് നല്ല കവികളില്‍ ഒരാളായി മാറിയോ അയാള്‍?

ഒരുപക്ഷേ,അയാള്‍ ഈ കുറിപ്പു വായിക്കുമെങ്കില്‍ ചുള്ളിക്കാടിനെ കടമെടുത്ത് ഇത്രമാത്രം കുറിക്കട്ടെ
- നിന്റെ ഈരടി തീണ്ടി ഞാന്‍ ഉറങ്ങാതിരുന്നിട്ടുണ്ട്. വീണ്ടും എഴുതുക, ദൂരെയെങ്ങോ കാത്തിരിക്കുന്ന അജ്ഞാതനായ വായനക്കാരനു വേണ്ടി...

2012 സെപ്റ്റംബർ 29, ശനിയാഴ്‌ച

കുതിരയും കഴുതയും

കുതിരജന്മം* കഴിഞ്ഞു, ഞാന്‍ മുപ്പതില്‍,
കഴുതജന്മം തുടങ്ങുകയാണിനി,
നടുവൊടിയുന്ന ഭാരം ചുമലില്‍ വ-
ച്ചിനിയനങ്ങിക്കുഴഞ്ഞു നീങ്ങീടണം.

പഴയജന്മം പകുതിയും ഭ്രാന്തമാം
ചടുലവേഗങ്ങളില്‍ കുതിച്ചോടി ഞാന്‍,
പ്രണയവും പിന്നെയൊരുപാടു കവിതയും,
അതിമനോഹരം വിപ്ലവസ്വപ്നവും.

മലകള്‍, കാടുകള്‍, തീരങ്ങള്‍ താണ്ടി ഞാന്‍,
പുഴകള്‍,സാഗരമെല്ലാം തിരഞ്ഞു ഞാന്‍
ഒരുനിമിഷം കിതക്കാതെ, ജീവന്റെ
അണുവിലൊക്കെയും സ്വപ്നം വിതച്ചു ഞാന്‍.

മറുപകുതിയിലെത്തിയപ്പോള്‍ മുതല്‍
കുറിയപാതകള്‍ കണ്ടു ഭയന്നു ഞാന്‍,
വഴിയിലൊക്കെപ്പടര്‍ന്നുനില്ക്കുന്ന മുള്‍-
ച്ചെടികള്‍ കണ്ടു വിറച്ചെന്‍ കുളമ്പുകള്‍.

ഒരുകുറി നിസ്സാരമായ് പിന്നിട്ട
വഴികള്‍, യുദ്ധങ്ങള്‍, വേറിട്ട ചിന്തകള്‍
ഇവയിലൊക്കെപ്പതുങ്ങി,പതുക്കെയെന്‍
കുതിരവേഗം കുറച്ചൊന്നൊതുങ്ങി ഞാന്‍

സമതലങ്ങളില്‍ താവളം കണ്ടു ഞാന്‍,
പഴയസ്വപ്നങ്ങളൊക്കെ കരിച്ചു ഞാന്‍,
ഒരുവെറും പേരുമാത്രം 'കുതിര'യെ-
ന്നൊരുകിഴവനായ്,പാഴായ ജന്മമായ്.

കഴുതയായിക്കഴിഞ്ഞു ഞാനെപ്പൊഴോ,
ചെറിയമോഹങ്ങള്‍ മാത്രമെനിക്കിനി,
കഴുതയെങ്കിലും,നല്ലൊരു ഗര്‍ദഭം,
അതുമതി,അത്രമാത്രം മതിയിനി...
 ---------------------------------------------------------------------
* മനുഷ്യജീവിതത്തിന്റെ ആദ്യ മുപ്പതു വര്‍ഷങ്ങള്‍ കുതിരയും, അടുത്ത മുപ്പതു വര്‍ഷങ്ങള്‍ കഴുതയും, പിന്നീടുള്ളത് പട്ടിയും, അവസാനം കൂമനും നല്കിയത് എന്നാണ് സങ്കല്പം.

2012 സെപ്റ്റംബർ 16, ഞായറാഴ്‌ച

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

മറവി ഉറക്കം പോലെ മനോഹരമാണ്,
ചില്ലുഗ്ലാസ്സില്‍ നിറച്ച വിസ്കി പോലെ മോഹിപ്പിക്കുന്നതാണ്,
സുരതക്രിയ പോലെ സുഖമേറിയതാണ്,
ഇരുട്ടു പോലെ,മധുവിധു പോലെ,
അവധി ദിനം പോലെ സുന്ദരമാണ്...

ഓര്‍മ്മ തിങ്കളാഴ്ചത്തെ പ്രഭാതം പോലെ ശപിക്കപ്പെട്ടതാണ്,
ദാസന്‍ വൈദ്യന്റെ മരുന്നു പോലെ കയ്പേറിയതാണ്,
അറുപതുകാരന്റെ ഉദ്ധാരണശ്രമം പോലെ ആത്മപീഡയാണ്,
പകല്‍ പോലെ, പ്രണയം പോലെ,
ഓഫീസ് ദിനം പോലെ ഭയപ്പെടുത്തുന്നതാണ്...

പക്ഷേ,
തലച്ചോര്‍ പണയപ്പെടുത്താതിരിക്കാന്‍,
വാക്കുകള്‍ കടപ്പെട്ടു പോവാതിരിക്കാന്‍,
ജീവിച്ചിരിക്കുന്നു എന്ന് എനിക്കു തന്നെയുള്ള തെളിവിന്,
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം...