2010 മാർച്ച് 31, ബുധനാഴ്‌ച

ദൂരം

റമ്മിൽ നിന്ന് വിസ്കിയിലേക്കുള്ള ദൂരം,
ആവേശത്തിന്റെ ഫസ്റ്റ്ക്ലാസ്സില്‍ നിന്ന് വിരസതയുടെ ബാല്‍ക്കണിയിലേക്കുള്ള ദൂരം,
പൈപ്പുവെള്ളത്തിന്റെ മാധുര്യത്തില്‍ നിന്നും മിനറല്‍ വാട്ടറിന്റെ കയ്പുകളിലേക്കുള്ള ദൂരം,
കാലിക്കീശയുടെ സ്വാതന്ത്ര്യത്തില്‍ നിന്നും നിറഞ്ഞ പഴ്സിന്റെ ഭാരത്തിലേക്കുള്ള ദൂരം,
അറിവിന്റെ യാത്രകളില്‍ നിന്നും ആവര്‍ത്തനത്തിന്റെ നിശ്ചലതകളിലേക്കുള്ള ദൂരം,
സ്വന്തം ചിന്തയില്‍ നിന്നും കടം കൊണ്ട വാക്കുകളിലേക്കുള്ള ദൂരം,
പോരാളിയുടെ ചെറ്റക്കുടിലില്‍ നിന്നും അടിമയുടെ കൊട്ടാരത്തിലേക്കുള്ള ദൂരം,
പാതിരാത്രിയിലെ ധൈര്യങ്ങളില്‍ നിന്നും സന്ധ്യയുടെ ഭയങ്ങളിലേക്കുള്ള ദൂരം,
വിപ്ലവത്തിന്റെ പ്രണയത്തില്‍ നിന്നും കീഴടങ്ങലിന്റെ വിവാഹത്തിലേക്കുള്ള ദൂരം,
കോളേജില്‍ നിന്നും, ഓഫീസിലേക്കുള്ള ദൂരം മാത്രമാണ്!!!

2009 ഒക്‌ടോബർ 4, ഞായറാഴ്‌ച

അവസാനത്തെ പ്രണയകവിത

ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-
തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്
പ്രണയമെന്നോരു വിരസ പ്രമേയത്തില്‍
കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.

എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെ
ഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,
അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-
വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.

ഇരുളുകീറി മുറിച്ചുവരുന്നോരു
മരണവണ്ടി പോലെന്റെ കാമങ്ങളും,
തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെ
രതിമടുപ്പിച്ച നിന്‍ ചുംബനങ്ങളുംഎഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,
പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍.

അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,
നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.
ഒരു മനോരോഗ ലക്ഷണം, വേദന-
നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം.

പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെ
അതിനിരാശപോല്‍ നീറുന്ന നാളുകള്‍;
പലകുറി കണങ്കാലില്‍ തറക്കുന്ന
മരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍.

വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍
എഴുതുവാനൊന്നുമില്ലാതെ നില്കവേ
മഴനനഞ്ഞു കടന്നുപോകുന്നെന്റെ
പ്രണയജീവിതശവഘോഷയാത്രകള്‍.

തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെ
ഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,
ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,
ഒടുവിലത്തെ പ്രണയകവിതയും.

പക്ഷേ,
എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,
പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;
മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെ
ലിപികളില്‍ പേന കുത്തിനോവിക്കുന്നു !

2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ജീവച്ഛവം

മഴക്കാലമാണ്,പനിക്കാലമാണ്,
പുറത്തേക്കിറങ്ങാതിരിക്കുന്നു ഞാനും.
പനിച്ചും,ചുമച്ചും പുതപ്പിന്നടിയില്‍
മനക്കണ്ണടച്ചൊന്നുറങ്ങിക്കിടക്കാം...

കടത്തിണ്ണ തോറും, തണുത്തു കുഞ്ഞുങ്ങള്‍,
വിറച്ചും,വിശന്നും കരയുന്ന ശബ്ദം,
ഉറക്കെ മുഴങ്ങുന്നിടിനാദമൊന്നും
കടക്കില്ലനാവശ്യ ശബ്ദങ്ങള്‍ വീട്ടില്‍!

വസന്തങ്ങളില്‍ പണ്ടിടി മുഴങ്ങുമ്പോള്‍
ജനിക്കാതിരുന്നതില്‍ കേണിരുന്നൂ ഞാന്‍!
ചതുപ്പില്‍ മരണം വിഴുങ്ങുന്ന നേരം,
വിറക്കാത്ത മുഷ്ഠി ഉയര്‍ത്തുവാന്‍ പാടി.

ഒരിക്കല്‍ കിഴവന്‍ ഇരവച്ചു നീട്ടി,
പിടിച്ചെടുത്തൂ എന്റെ ചിന്തയും വാക്കും.
സുഖിക്കാനൊരുപാടു നേരമുള്ളപ്പോള്‍,
കുടിക്കാനൊരുപാടു മദ്യമുള്ളപ്പോള്‍,

പുറത്തേക്കിറങ്ങാതെ ശീലമായി ഞാന്‍,
കുഴഞ്ഞെന്റെ വാക്കുകള്‍, മൂകനായീ ഞാന്‍,
തുറക്കാത്ത ജാലകം, അന്ധനായീ ഞാന്‍,
അനങ്ങാത്ത ദേഹം, മൃതപ്രായനായി...

ചിലപ്പോള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി
കുതിച്ചെത്തിടുന്നൂ വെളിച്ചവും, കാറ്റും.
ഒരുകൂടുപഞ്ഞി നിറച്ചുവച്ചാലും,
ചെവിക്കുള്ളിലൂടെ കടക്കുന്ന ശബ്ദം!

ഇവയോടു ദുഃഖം നടിക്കാം, കരയാം,
ഒരു ദീര്‍ഘശ്വാസത്തിലെല്ലാമൊതുക്കാം,
ഒരിക്കല്‍ പിരിഞ്ഞോരു വാക്കിന്‍ വസന്തം
തിരിച്ചെത്തുമെന്നോരു വീണ്‍വാക്കിറക്കാം.

ഒളിക്കുന്നതാണിന്നെളുപ്പം, അല്ലെങ്കില്‍
ചളിക്കുണ്ടിലൂടെ നടക്കേണ്ട കാലം.
ഉറങ്ങാം, രമിക്കാം, കുടിക്കാം, പനിക്കാം,
മരിച്ചോരു ജീവനായ്, ജീവിച്ചിരിക്കാം!!!

2009 ഓഗസ്റ്റ് 30, ഞായറാഴ്‌ച

രണ്ടുതരം കവികള്‍

നല്ല കവികള്‍ക്ക്,
റോഡ് മുറിച്ചു കടക്കുന്ന നേരത്ത്
മനസ്സിലേക്ക് കുതിച്ചെത്തുന്ന കവിത
മരണമാണ്!

ചീത്ത കവികള്‍ക്ക്
എല്ലു തകര്‍ക്കുന്ന അപകടവും.

ഭാഗ്യം, ഞാനൊരു ചീത്ത കവിയായത്,
കഷ്ടം, ഞാനൊരു കവിയാകാതിരുന്നത് !

2009 മേയ് 11, തിങ്കളാഴ്‌ച

'മാപ്പുസാക്ഷി' വീണ്ടും വായിക്കുമ്പോള്‍

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "മാപ്പുസാക്ഷി" ആദ്യമായി വായിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിക്കണം. അന്ന് കവിയുടെ മനസ്സ് കണ്ട് അദ്ദേഹം ഒരു ഭീരുവാണ് എന്നു ഞാന്‍ വിധിയെഴുതി.പിന്നീട് കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് "പകല്‍ നക്ഷത്രങ്ങള്‍" എന്ന സിനിമയില്‍ കവി ആ കവിത ചൊല്ലുന്നത് കേട്ടപ്പോഴാണ് വീണ്ടും അത് വായിക്കണം എന്നു തോന്നിയത്. വായിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ കണ്ടെത്തിയത് എന്നെത്തന്നെ ആയിരുന്നു! "കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളില്‍" ജോസഫ് എന്ന വിപ്ലവകാരിയുടെ "നക്ഷത്രം ഉദിക്കുന്നത്" ഞാന്‍ തിരിച്ചറിയുകയായിരുന്നു.

ജോസഫ് എന്ന വിപ്ലവകാരിയോടുള്ള കവിയുടെ കുറ്റസമ്മതങ്ങളാണ് "മാപ്പുസാക്ഷി". കവി ഇവിടെ എന്നെപ്പോലുള്ള അനേകായിരം മദ്ധ്യവര്‍ഗ്ഗ മനുഷ്യന്റെ പ്രതിനിധിയാണ്. കല്‍ത്തുറുങ്കുകള്‍ ഭേദിച്ച് ആ വിപ്ലവകാരിയുടെ മനുഷ്യസ്നേഹം "സമുദ്ര സംഗീതമായി" മാറുന്നതും, "വന്ധ്യകാലത്തിലെ തണല്‍ മരം " പോലെ ആ മനുഷ്യന്‍ ഉയര്‍ന്നു നില്‍ക്കുന്നതും കവി കാണുന്നു. കവിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്, സ്നേഹമുണ്ട്... പക്ഷെ, വ്യക്തി ദ്വൈന്യതകളില്‍ - തിരസ്ക്കരിക്കപ്പെട്ട പ്രണയം, ഒരിക്കലും വരാത്ത സന്ദര്‍ശകന്‍, ലോറിക്കടിപ്പെട്ടരഞ്ഞ കുഞ്ഞുങ്ങള്‍, അന്ധകാരത്തിന്റെ തീവണ്ടി, ഭ്രാന്തിന്റെ ജനാലകള്‍ - ഒന്നും ചെയ്യാനാവാതെ, വെറും ഒരു കാഴ്ചകാരനായി മാറേണ്ടി വരുന്ന ഒരു സാധാരണക്കാരന്റെ കുറ്റബോധം. കവി പറയുകയാണ് -"ആത്മഹത്യക്കും,കൊലക്കുമിടയിലൂടാര്‍ത്തനാദം പോലെ പായുന്ന ജീവിതം". തനിക്കു വേണ്ടി കൊലക്കത്തിക്കടിയറ വയ്ക്കപ്പെടുന്ന ഒരു മനുഷ്യന്റെ മുന്നില്‍ പീഡിതന്റെ ദുഃഖത്തോടെ, ഭീരുവിന്റെ ഭയപ്പാടുകളോടെ, ശബ്ദമുയര്‍ത്താത്തവന്റെ കുറ്റബോധങ്ങളോടെ കവി നില്‍ക്കുകയാണ്.

വാക്കുകളിലും, ചിന്തകളിലും അഗ്നി പേറിയിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് പത്ത് വര്‍ഷങ്ങള്‍ക്കുശേഷം, ഒത്തുതീര്‍പ്പുകളുടെ സുരക്ഷിതത്വത്തില്‍ കണ്ണുകള്‍ ഇറുക്കിയടച്ചിരിക്കുന്ന ഞാന്‍ വല്ലാതെ പൊള്ളിപ്പോയി. കവിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "ഓരോ ചുവടിലും നഗ്നപാദങ്ങളില്‍, ആണിത്തുരുമ്പു തറഞ്ഞു മുറിഞ്ഞു ഞാന്‍"(ഒരു പ്രണയഗീതം). "പോരിന്റെ കൊമ്പുകള്‍ ഉയിര്‍ക്കൊള്ളുന്നത് ഭാരം വലിക്കുന്ന കാളയുടെ കണ്ണു"കളിലാണെന്ന സത്യം ഞാനെന്ന മദ്ധ്യവര്‍ഗ്ഗ മനുഷ്യന്‍ എന്നേ മറന്നുപോയി . അറിവുകള്‍ വെളിച്ചത്തില്‍ നിന്ന് , സ്വയം സൃഷ്ടിച്ച അന്ധകാരത്തില്‍, എന്റെ സുഖങ്ങളില്‍ ഞാന്‍ മതിമറന്നു മയങ്ങുകയാണ്.

1980 ല്‍ ബാലചന്ദ്രന്‍ എഴുതിയ ഒരു കവിത ഏകദേശം 30 വര്‍ഷങ്ങള്‍ക്കു ശേഷവും എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍, പ്രിയപ്പെട്ട കവീ, ഞാന്‍ നന്ദി പറയട്ടെ - "നീരറ്റു മണ്ണിന്റെ നിത്യദാഹങ്ങളില്‍, തോരാതെ പെയ്യുന്ന വര്‍ഷമാകുന്നു നീ". ആ മഴയില്‍ ഞാന്‍ നനയുകയാണ്; കുറച്ചു നേരത്തേക്കെങ്കിലും.

2009 ഏപ്രിൽ 20, തിങ്കളാഴ്‌ച

പക്ഷിജന്മങ്ങള്‍

ഞാന്‍ ഒരു പരുന്തല്ല,
ആകാശത്തിന്റെ അനന്തനീലിമകള്‍ എനിക്കന്യം.

പ്രണയിനികളെന്നെ ഭ്രാന്തനെന്നു് പരിഹസിച്ചപ്പോള്‍
നിഷാദശരത്തിന്റെ ക്രൂരതയറിയാത്ത ജന്മമായി,
ക്രൗഞ്ചപക്ഷികള്‍ എന്നെ പുറന്തള്ളി.

വാക്കിന്റെ സാദ്ധ്യതകള്‍ "തത്തമ്മേ പൂച്ച"ക്കപ്പുറമാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും,
എന്നിലെ തത്തയെ പൂച്ച പിടിച്ചു.

സമാധാനത്തിന്റെ ചിറകുകള്‍
ആണവശൈത്യത്തിന്റെ നാള്‍വഴികളില്‍ മരവിച്ചപ്പോള്‍,
എന്റെ പ്രാവു് ജന്മം വിഫലം.

രാത്രിയുടേയും,നിറങ്ങളുടേയും, മഴയുടേയും സംഗീതം
എനിക്കറിയില്ലായിരുന്നു;
ഞാന്‍ കുയിലാകുന്നതു് എങ്ങനെ?

ദാഹജലത്തിന്റെ ഒരു നിമിഷത്തിനായി തൊണ്ടപിടയുമ്പോഴും
ആത്മാവിനുള്ളില്‍ വരള്‍ച്ചയെ സ്നേഹിച്ചപ്പോള്‍,
ഞാന്‍ വേഴാമ്പലും അല്ലാതായി.

ഉഛിഷ്ടത്തിന്റെ നശിച്ച ഗന്ധത്തില്‍ ഓക്കാനിച്ചപ്പോള്‍
എനിക്കുള്ളില്‍ ഒരു കാക്കയും മരിച്ചു.

മരണത്തെ ഭയപ്പെട്ട ഞാന്‍ കഴുകനുമായില്ല.

ഒടുവില്‍ നിശ്ശബ്ദതയുടേയും,നിരാശയുടേയും,
ഒളിച്ചോടലിന്റേയും ഇരുട്ടില്‍
വെറും ഒരു കൂമനായി ഞാന്‍ ഇരുന്നു;
എല്ലാവരേയും പോലെ...