2013 ജനുവരി 24, വ്യാഴാഴ്‌ച

ഫാരിദ്ദീന്‍ നീ എവിടെയാണ്?

"ആലുവാക്കിനിയെത്ര ദൂരം നാം നടക്കണം,
ആകവേ ചിരിച്ചും, നിസ്സംഗതയൊളിപ്പിച്ചും,
കൗതുകം സൂക്ഷിക്കുവോര്‍ കവികള്‍ ചങ്ങാതിമാര്‍
കണ്ടതും, കാണാത്തതും നമുക്കു വിശേഷങ്ങള്‍"

ചേച്ചിയുടെ കോളേജ് മാഗസിനില്‍ ആണ് ഈ കവിത വായിച്ചത്. അന്ന് ഞാന്‍ സ്കൂളില്‍ പഠിക്കുന്നു. അതിമനോഹരമായി തോന്നി വരികള്‍. തുടര്‍ന്നും വായിചു. ഒരുപാടിഷ്ടപ്പെട്ടു. കവിയുടെ പേര് മനസ്സില്‍ കുറിച്ചു - "ഫാരിദ്ദീന്‍ എ എസ്" . യു സി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ ഫാരിദ്ദീനെ കാണാന്‍ കഴിയും എന്ന് ഓര്‍ത്തിരുന്നില്ല. പക്ഷേ, SFI യുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി വന്നയാളുടെ പേര് കേട്ടപ്പോള്‍ തലയുയര്‍ത്തി നോക്കി - "ഫാരിദ്ദീന്‍". പഴയ കവിതയുടെ വരികള്‍ മനസ്സില്‍ ഉയര്‍ന്നു -
"പ്രേമവും വിഭക്തിയും ജീവിതമായീടുമ്പോള്‍,
ആരുടെ പരുക്കിലെ നൊമ്പരം കനക്കുമ്പോള്‍,
കാവ്യകാരന്മാര്‍ ചിത്തഭ്രമമുള്ളവര്‍ നമ്മള്‍
ഏതൊരു സ്വൈര്യക്കേടിന്‍ തണലില്‍  നടക്കുന്നു"
(വരികള്‍ ഓര്‍മ്മയില്‍ നിന്ന് എഴുതുന്നതാണ്; തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക)

അയാള്‍ നന്നായി പ്രസംഗിച്ചു. അതോടെ എന്റെ മനസ്സില്‍ ഒരു "ഹീറോ" ആയി മാറിയിരുന്നു ഫാരിദ്ദീന്‍. കോളേജിലെ arts fest ന് കവിതാ മത്സരത്തിന് ഞാനും പോയി. "പുഴ" എന്നായിരുന്നു വിഷയം. വളരെ പെട്ടെന്ന് ഒരു പൊട്ടക്കവിത എഴുതി ഞാന്‍ ഇറങ്ങി. അന്ന് ഒന്നാം സ്ഥാനം ഫാരിദ്ദീനായിരുന്നു. ആ വര്‍ഷം മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കോളേജ്തല കവിതാ മത്സരത്തിനും അയാള്‍ തന്നെ സമ്മാനം നേടി. അതിലും പ്രമേയം പുഴ തന്നെയായിരുന്നു. അയാള്‍ ഒരു വലിയ കവിയാകുമെന്ന് അന്നെനിക്കുറപ്പായി. പക്ഷേ, ഒരിക്കല്‍ പോലും അയാളെ ഞാന്‍ പരിചയപ്പെട്ടില്ല. ഒരു അപകര്‍ഷതാ ബോധവും, അസൂയയും.. :-)

നോവലും,ചെറുകഥയും മാത്രം വായിച്ചിരുന്ന ഞാന്‍ അതോടെ കവിത വായിച്ചു തുടങ്ങി. ഒരു പുതിയ ഭാവുകത്വം എന്നില്‍ നിറഞ്ഞു. അല്ലറചില്ലറ കവിതകള്‍ കുറിച്ചു തുടങ്ങി. ഫാരിദ്ദീന്‍ ഡിഗ്രി കഴിഞ്ഞു് കോളേജ് വിട്ടിറങ്ങിയിരുന്നു.പിന്നീട് പല മാഗസിനുകളിലും അയാളുടെ കവിതകള്‍ വരുമെന്ന് ഞാന്‍ കരുതി. പലപ്പോഴും അതിനായി മാഗസിനുകള്‍ വാങ്ങി. പക്ഷേ, പിന്നീടിന്നു വരെ ആ പേര് ഞാന്‍ കണ്ടിട്ടില്ല. ഒരിക്കലും അറിയപ്പെടാതെ പോകുന്ന ഒരുപാട് നല്ല കവികളില്‍ ഒരാളായി മാറിയോ അയാള്‍?

ഒരുപക്ഷേ,അയാള്‍ ഈ കുറിപ്പു വായിക്കുമെങ്കില്‍ ചുള്ളിക്കാടിനെ കടമെടുത്ത് ഇത്രമാത്രം കുറിക്കട്ടെ
- നിന്റെ ഈരടി തീണ്ടി ഞാന്‍ ഉറങ്ങാതിരുന്നിട്ടുണ്ട്. വീണ്ടും എഴുതുക, ദൂരെയെങ്ങോ കാത്തിരിക്കുന്ന അജ്ഞാതനായ വായനക്കാരനു വേണ്ടി...

2012 സെപ്റ്റംബർ 29, ശനിയാഴ്‌ച

കുതിരയും കഴുതയും

കുതിരജന്മം* കഴിഞ്ഞു, ഞാന്‍ മുപ്പതില്‍,
കഴുതജന്മം തുടങ്ങുകയാണിനി,
നടുവൊടിയുന്ന ഭാരം ചുമലില്‍ വ-
ച്ചിനിയനങ്ങിക്കുഴഞ്ഞു നീങ്ങീടണം.

പഴയജന്മം പകുതിയും ഭ്രാന്തമാം
ചടുലവേഗങ്ങളില്‍ കുതിച്ചോടി ഞാന്‍,
പ്രണയവും പിന്നെയൊരുപാടു കവിതയും,
അതിമനോഹരം വിപ്ലവസ്വപ്നവും.

മലകള്‍, കാടുകള്‍, തീരങ്ങള്‍ താണ്ടി ഞാന്‍,
പുഴകള്‍,സാഗരമെല്ലാം തിരഞ്ഞു ഞാന്‍
ഒരുനിമിഷം കിതക്കാതെ, ജീവന്റെ
അണുവിലൊക്കെയും സ്വപ്നം വിതച്ചു ഞാന്‍.

മറുപകുതിയിലെത്തിയപ്പോള്‍ മുതല്‍
കുറിയപാതകള്‍ കണ്ടു ഭയന്നു ഞാന്‍,
വഴിയിലൊക്കെപ്പടര്‍ന്നുനില്ക്കുന്ന മുള്‍-
ച്ചെടികള്‍ കണ്ടു വിറച്ചെന്‍ കുളമ്പുകള്‍.

ഒരുകുറി നിസ്സാരമായ് പിന്നിട്ട
വഴികള്‍, യുദ്ധങ്ങള്‍, വേറിട്ട ചിന്തകള്‍
ഇവയിലൊക്കെപ്പതുങ്ങി,പതുക്കെയെന്‍
കുതിരവേഗം കുറച്ചൊന്നൊതുങ്ങി ഞാന്‍

സമതലങ്ങളില്‍ താവളം കണ്ടു ഞാന്‍,
പഴയസ്വപ്നങ്ങളൊക്കെ കരിച്ചു ഞാന്‍,
ഒരുവെറും പേരുമാത്രം 'കുതിര'യെ-
ന്നൊരുകിഴവനായ്,പാഴായ ജന്മമായ്.

കഴുതയായിക്കഴിഞ്ഞു ഞാനെപ്പൊഴോ,
ചെറിയമോഹങ്ങള്‍ മാത്രമെനിക്കിനി,
കഴുതയെങ്കിലും,നല്ലൊരു ഗര്‍ദഭം,
അതുമതി,അത്രമാത്രം മതിയിനി...
 ---------------------------------------------------------------------
* മനുഷ്യജീവിതത്തിന്റെ ആദ്യ മുപ്പതു വര്‍ഷങ്ങള്‍ കുതിരയും, അടുത്ത മുപ്പതു വര്‍ഷങ്ങള്‍ കഴുതയും, പിന്നീടുള്ളത് പട്ടിയും, അവസാനം കൂമനും നല്കിയത് എന്നാണ് സങ്കല്പം.

2012 സെപ്റ്റംബർ 16, ഞായറാഴ്‌ച

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

മറവി ഉറക്കം പോലെ മനോഹരമാണ്,
ചില്ലുഗ്ലാസ്സില്‍ നിറച്ച വിസ്കി പോലെ മോഹിപ്പിക്കുന്നതാണ്,
സുരതക്രിയ പോലെ സുഖമേറിയതാണ്,
ഇരുട്ടു പോലെ,മധുവിധു പോലെ,
അവധി ദിനം പോലെ സുന്ദരമാണ്...

ഓര്‍മ്മ തിങ്കളാഴ്ചത്തെ പ്രഭാതം പോലെ ശപിക്കപ്പെട്ടതാണ്,
ദാസന്‍ വൈദ്യന്റെ മരുന്നു പോലെ കയ്പേറിയതാണ്,
അറുപതുകാരന്റെ ഉദ്ധാരണശ്രമം പോലെ ആത്മപീഡയാണ്,
പകല്‍ പോലെ, പ്രണയം പോലെ,
ഓഫീസ് ദിനം പോലെ ഭയപ്പെടുത്തുന്നതാണ്...

പക്ഷേ,
തലച്ചോര്‍ പണയപ്പെടുത്താതിരിക്കാന്‍,
വാക്കുകള്‍ കടപ്പെട്ടു പോവാതിരിക്കാന്‍,
ജീവിച്ചിരിക്കുന്നു എന്ന് എനിക്കു തന്നെയുള്ള തെളിവിന്,
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം...

2012 ഫെബ്രുവരി 11, ശനിയാഴ്‌ച

കൊലപാതകങ്ങള്‍

മരിച്ചുപോയ മൂന്നുപേര്‍
സ്വര്‍ഗ്ഗത്തില്‍ വച്ച് കണ്ടുമുട്ടി.
ഒന്നാമന്‍: നമസ്കാരം, എന്നെ അവര്‍ ബൊളീവിയന്‍ കാടുകളില്‍ വച്ച് വെടിവച്ചുകൊന്നു,
രണ്ടാമന്‍: എന്നെയും അവരുടെ കിങ്കരന്മാര്‍ കേരളത്തില്‍ വച്ച് വെടിവച്ചുകൊന്നു,
മൂന്നാമന്‍: ആദ്യം അവരെന്നെ കുരിശിലേറ്റി കൊന്നു, ഇപ്പോള്‍
എന്നെ അവര്‍ അവരുടെ സ്വകാര്യ സ്വത്താക്കി മാറ്റി വീണ്ടും, വീണ്ടും കൊന്നു കൊണ്ടേയിരിക്കുന്നു!

2012 ഫെബ്രുവരി 7, ചൊവ്വാഴ്ച

വീണ്ടും പ്രണയ കവിതകള്‍!!!

അടച്ചു വച്ച പുസ്തകം വീണ്ടും തുറന്നിരിക്കുന്നു. "അവസാനത്തെ പ്രണയകവിത"യെഴുതി നിറുത്തിയിടത്തു നിന്നും വീണ്ടും തുടങ്ങുകയാണ്. ഒരു മരുഭൂമി പോലെ വരണ്ട മനസ്സിലേക്ക് പ്രണയത്തിന്റെ ഹരിതവര്‍ണ്ണങ്ങള്‍ നിറച്ച് കടന്നു വന്ന എന്റെ പ്രിയപ്പെട്ടവള്‍ക്കു വേണ്ടി എഴുതിയ വരികള്‍ ഇവിടെ കുറിച്ചിടുന്നു. പലതും പൈങ്കിളിയായിരിക്കാം. പക്ഷെ, ഒന്നു പറയാം, ഇതു മുഴുവന്‍ സത്യമാണ്, എന്റെ പ്രണയം പോലെ, എന്റെ ചോര പോലെയുള്ള സത്യം!!!

*********************************************************
എരിയും പകലുകള്‍, തുടുത്ത സായാഹ്നങ്ങള്‍,
ഉറക്കം ചുംബിക്കാത്ത രാത്രികള്‍, പുലരികള്‍,
നിനക്കായ് നല്കാം പെണ്ണേ ഇവയൊക്കെയും പിന്നെ,
തിരിച്ചു ചോദിക്കാതെ എന്റെയീ സ്നേഹങ്ങളും.

കരിന്തേള്‍ കുത്തും പോലെ വേദനിക്കുമ്പോള്‍ പോലും
പ്രണയം നിറയുന്നൊരെന്റെയീ ഹൃദയവും,
വിയര്‍പ്പും, ചൂടും, എന്റെ രക്തവും, സ്ഖലിതവും,
നിനക്കായ് തന്നേക്കാം ഞാന്‍ എന്നിലെ എന്നെപ്പോലും!

*********************************************************

പ്രണയമെന്നൊരു പഴയ പുസ്തകം കീറി ഞാന്‍ പെരുവഴിയിലെങ്ങോ കളഞ്ഞതല്ലേ,
ഇനിയുമാ താളുകള്‍ കൂട്ടിപ്പെറുക്കി നീ പിറകേ വരുന്നതിന്നെന്തിനായി
കരയുവാനിനി വയ്യ, പിരിയുവാനിനി വയ്യ, നരകദുഃഖങ്ങള്‍ക്കു കൂട്ടിരിക്കാന്‍
പ്രണയം തുടിക്കുന്ന ചുണ്ടുകള്‍ക്കിനി വയ്യ തളരുവാന്‍, വരളുവാന്‍, മുറിവേല്‍ക്കുവാന്‍
അതുകൊണ്ടു പിരിയാതെയെന്‍ കൂടെ നില്‍ക്കുക, പ്രണയ വൃക്ഷങ്ങള്‍ തന്‍ തണലേല്ക്കുക!


*********************************************************

നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം
തീവ്രമീ പ്രണയത്തിന്‍ മധുരം സൂക്ഷിച്ചീടാം,
ഗാഢനിദ്രയില്‍ നിന്നു നിന്റെ കണ്‍തുറക്കുമ്പോള്‍
ലോലചുംബനങ്ങളാല്‍ നിന്നെ ഞാന്‍ പൊതിഞ്ഞിടാം

*********************************************************

വിഷയ ദാരിദ്ര്യം

കവിതയൊന്നും വരുന്നില്ല, ചിന്തകള്‍-
മനസ്സിലെങ്ങോ മറഞ്ഞിരിക്കു,ന്നെന്റെ-
വഴിയിലെങ്ങും വിരിഞ്ഞു നില്ക്കുന്നില്ല
കടുനിറങ്ങളില്‍ ജീവന്റെ പൂവുകള്‍!

ഒടുവിലത്തെ പ്രണയകവിതയും
എഴുതി നിര്‍ത്തിയതാണു ഞാനെപ്പൊഴോ
പ്രണയമല്ലാതെയൊന്നും കുറിക്കുവാന്‍
വിഷയമില്ലാത്ത പാവം ദരിദ്രനോ!!!

വയറു കായാത്ത കാരണം പട്ടിണി
വിഷയമാകുവാന്‍ മാര്‍ഗ്ഗമില്ലാതെയായ്
നിറയെ നില്ക്കുന്നു ബന്ധുക്കള്‍, സൗഹൃദം,
വിഷയമല്ലെനിക്കേകാന്ത ജീവിതം

ഇടിമുഴങ്ങിയാല്‍ പേടിയാണെങ്ങനെ*
പുതുപ്രഭാതം കിനാവുകാണും പിന്നെ,
അതിസമാധാനജീവിതം, യുദ്ധങ്ങള്‍
മഷിയിടുമ്പൊഴും തീരെയില്ലാതെ പോയ്

എഴുതുവാനൊന്നുമില്ലാതെ നില്ക്കുന്നു,
കവിതയൊക്കെയും വറ്റി വരളുന്നു,
ഒരുകുറി ഇതായിരിക്കാമെന്റെ
ഒടുവിലത്തെ "കവിത"യും, നിര്‍ത്തട്ടെ!
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------------------------------------
* "വസന്തത്തിന്റെ ഇടിമുഴക്കം"