പ്രണയരശ്മിയാലെന്റെയീ ജീവനെ ജനനവീഥിയില്‍ നിന്നും തെറിപ്പിച്ച
പ്രണയിനീ നീ നടന്നു പോകുമ്പൊഴീയിരുളില്‍ ഞാനുമെന്‍ തേങ്ങലും മാത്രമായ് ...
ഇനിയുമെന്റെയാത്മാവിനെക്കീറുന്ന കഠിനഖഡ്ഗത്തെ മെല്ലെ വലിച്ചൂരി
പ്രളയമായൊലിച്ചെത്തുന്ന ചോരയെ, പ്രണയചുംബനത്താല്‍ തടഞ്ഞേക്കുക.
അതിനുമായില്ലയെങ്കിലെന്‍ ജീവനെ മരണവക്ത്രത്തിലേക്കു വിട്ടേക്കുക
ഇനിമതി, നീയില്ലാത്ത ജീവിതം മരണതുല്യമെന്നെന്നേ പറഞ്ഞു ഞാന്‍.
മഴയൊഴിഞ്ഞൊരീ കാലവര്‍ഷങ്ങളും, വറുതി തീരാത്ത വേനല്‍ദിനങ്ങളും,
നരപടര്‍ന്നൊരീ സന്ധ്യയും, ആദിത്യ കിരണമേല്‍ക്കാത്ത ദുഷ്പ്രഭാതങ്ങളും,
നിറയുമീ വഴി മുന്നോട്ടു പോകുവാന്‍ പഥികനായ ഞാന്‍ നന്നേ തളര്‍ന്നുപോയ്,
വരിക നീയെന്‍ മരണക്കിടക്കയില്‍, നരകതീര്‍ത്ഥം തളിച്ചു മടങ്ങുക...