2019, ജൂൺ 13, വ്യാഴാഴ്‌ച

ചിലർ

ചരിത്രത്തിന്റെ ചുവരെഴുത്തുകൾ ആരൊക്കെയോ മായ്ച്ച് കളയുന്നുണ്ട്.
കഥകളുടെ മധുരമുള്ള കിണർ വെള്ളത്തിൽ
ആരോ വിഷം കലക്കുന്നുണ്ട്.
പുതിയ നുണകളുടെ വലിയ ഭാണ്ഡങ്ങൾ
ആരൊക്കെയോ ചുമക്കുന്നുണ്ട്.
മരിച്ചു പോയവരുടെ കുഴിമാടങ്ങളിൽ
ചിലർ മലമൂത്രവിസർജനം ചെയ്യുന്നുണ്ട്.
കുഴിച്ചുമൂടിയ ദുർഗന്ധങ്ങളൊക്കെ
തിരികെ പുറത്തെടുക്കുന്നുണ്ട് ചിലർ.
ഇതൊക്കെ കണ്ടിട്ടും ഒരക്ഷരം പോലും മിണ്ടാതിരിക്കുന്നുണ്ട് മറ്റ് ചിലർ.
എനിക്ക് ഭയം അവരെയാണ്!!!

രണ്ട് പല്ലികൾ

സ്വയം വാൽ മുറിച്ച വെളുത്ത പല്ലി
തന്റെ വീരകൃത്യം ഉറക്കെ പ്രഖ്യാപിച്ചു.
അകലെ നിന്ന കറുത്ത പല്ലിയോട്
അവൻ വിളിച്ചു പറഞ്ഞു-
"മുറിച്ചു മാറ്റൂ നീയും"
കറുത്ത പല്ലി തിരിച്ച് പറഞ്ഞു
"നിന്റെ വാൽ നിനക്ക് 
അലങ്കാരവും അശ്ലീലവുമാണ്.
എനിക്കതൊരു വൃത്തികേടും, ബാദ്ധ്യതയും.
ഞാൻ മുറിച്ചാലും നിങ്ങളെനിക്കത്
വീണ്ടും വച്ച് പിടിപ്പിച്ച് തരും.
എനിക്കതുണ്ടാവേണ്ടത്
നിങ്ങളുടെ ആവശ്യമാണ്.
നിന്റെ വാൽ മനോഹരമെന്ന്
ഓർമ്മപ്പെടുത്താൻ.
എനിക്കത് മുറിക്കാനാവില്ല സുഹൃത്തേ
നിനക്കതാവാം പക്ഷേ,
അതിങ്ങനെ വിളിച്ച് കൂവണമെന്നില്ല."

ചിതലുകളും ഞാനും

എന്റെ വീട്ടിൽ ചിതലുകളെ കണ്ടെത്തിയ ദിവസം തന്നെ
ഞാൻ അവയെ തുരത്തേണ്ടതായിരുന്നു.
ഞാൻ പക്ഷേ മടിച്ചിരുന്നു.
വെറും ചിതലുകളല്ലേ; അവയെന്ത് ചെയ്യാൻ-
ഞാൻ ചിന്തിച്ചു.
അവയെ അവഗണിച്ചും, പുച്ഛിച്ചും, കളിയാക്കിയും
ഞാൻ നേരമ്പോക്കി.
കുറച്ചുനാൾ കഴിഞ്ഞ് ഒരു ദിവസം
അടുത്ത വീട്ടിലെല്ലാം ചിതലുകൾ നിറഞ്ഞ് വീട്ടുകാരൊക്കെ പുറത്തായെന്ന് ഞാനറിഞ്ഞു.
അപ്പോഴും അയൽവക്കങ്ങളിലെ വീടുകളുടെ
അടിത്തറയുടേയും, മതിലിന്റേയുമൊക്കെ
നിലവാരമില്ലായ്മയെ
ഞാൻ പരിഹസിച്ചു;
എന്റെ വീടിന്റെ ബലത്തിൽ അഹങ്കരിച്ചു.
അവയെ പ്രതിരോധിക്കാൻ ഞാനൊന്നും ചെയ്തില്ല.
പൂവിനെക്കുറിച്ചും, പൂമ്പാറ്റയെക്കുറിച്ചും കവിതകളെഴുതി ഞാൻ കഴിഞ്ഞുകൂടി.
അങ്ങനെയിരിക്കെ ഒരു പ്രഭാതത്തിൽ
കണ്ണ് തുറന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി.
എന്റെ വീടും ചിതലുകൾ കയ്യടക്കിയിരിക്കുന്നു.
ഞാനവയെ തുരത്താൻ ശ്രമിച്ചു.
"കടക്കുപുറത്ത് ചിതലുകളേ"
ഞാൻ ആക്രോശിച്ചു.
അവരെനിക്കു നേരേ ചീറി -
" നീയാണ് ചിതൽ. നീയാണ് പുറത്തു പോവേണ്ടവൻ"
ഞാൻ വേഗം വീടു വിട്ടിറങ്ങി!!!

'മിയ എന്ന പൂച്ചക്കുട്ടി' - ഒരു ആസ്വാദനം

'ബാല്യകാലസഖി'യെക്കുറിച്ച് ശ്രീ എം.പി.പോൾ എഴുതിയ പ്രശസ്തമായ ഒരു നിരീക്ഷണമുണ്ട് - " ഇത് ഹൃദയത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടാണ്. ഇതിന്റെ അറ്റത്ത് ചോര പൊടിഞ്ഞിരിക്കുന്നുണ്ട്". ശ്രീ റോജന്റെ "മിയ എന്ന പൂച്ചക്കുട്ടി" വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഇത് തന്നെയാണ്. എഴുത്തുകാരന്റെ ഹൃദയത്തിൽ നിന്ന് ചീന്തിയെടുത്ത പുസ്തകം, അതിന്റെ അരികുകളിലെല്ലാം ചോര പൊടിഞ്ഞിരിക്കുന്നു; ചിലയിടത്തെല്ലാം നിലയ്ക്കാതെ പ്രവഹിക്കുന്നു.

അതിശയിക്കും വിധം സത്യസന്ധമായ എഴുത്ത്. അയാളുടെ മനസ്സ് പൂർണ്ണ നഗ്നമായി വായനക്കാരനു മുമ്പിൽ തുറന്നിട്ടിരിക്കുന്നു. തന്റെ അനുഭവങ്ങൾ, മുറിവുകൾ, പാപങ്ങൾ എല്ലാം ഒരു കുമ്പസാരം പോലെ അയാൾ നമ്മളോട് പറയുകയാണ്, കവിത തുളുമ്പുന്ന ഭാഷയിൽ. ചില വാക്യങ്ങൾ നോക്കാം.

"ഉള്ളിലൊരാൾ വെട്ടിയ മുറിപ്പാടിനാൽ മദ്യപിച്ച് ബോധരഹിതനായ രാത്രി."
"അരിമ്പൂർ സ്നേഹത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ്."
"ഒരുവളുടെ നിർവ്യാജമായ പ്രണയം ഒരുവനെ മിശിഹയാക്കുമെന്ന്..."
"നരകങ്ങളുടെ നെരിപ്പോടിൽ പാകപ്പെട്ട ദിനങ്ങൾ"
"വാഹനങ്ങൾ പൊങ്ങുതടി പോലെ ഒഴുകുന്ന നദിയാണ് റോഡെന്ന് തോന്നി"

ഇതുപോലുള്ള അതിമനോഹരങ്ങളായ വരികൾ എത്ര വേണമെങ്കിലും എടുത്തെഴുതാം. പക്ഷേ അതിലൊക്കെ ഉപരി എഴുത്തുകാരന്റെ പേടിപ്പിക്കുന്ന സത്യസന്ധതയാണ് എന്നെ ഉലച്ച് കളഞ്ഞത്. എന്റെ സുഹൃത്ത് SyamKrishnan ആണ് ഈ പുസ്തകം വായിക്കാൻ നിർദേശിച്ചത്. അവൻ എഴുതിയതു പോലെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ " ചിദംബരസ്മരണകൾ" എനിക്കും ഓർമ്മ വന്നു. രണ്ടിലും നിറഞ്ഞ് നില്ക്കുന്നത് പച്ചയായ ജീവിതത്തിന്റെ ഉഷ്ണവും വിയർപ്പും. റോജന്റെ ചില പ്രയോഗങ്ങളും ചുള്ളിക്കാടിനെ അനുസ്മരിപ്പിച്ചു- 'അമ്ളചുംബനം' ,'തരുണാർദ്രമായ ഋതു' . 

പ്രിയപ്പെട്ട റോജൻ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എനിക്ക് നിങ്ങളെ അറിയില്ലായിരുന്നു. പക്ഷേ, ഒരു കുഞ്ഞുപുസ്തകത്തിലൂടെ ഞാനിപ്പോൾ നിങ്ങളെ അടുത്തറിയുന്നു. നിങ്ങൾ എഴുതി - "ജീവിതം നമുക്കായി പാത്തുവക്കുന്ന വിചിത്രമായ രംഗങ്ങളെക്കുറിച്ചോർത്തു.അപ്പൊ ഇവയൊക്കെ നിങ്ങളൊട് പറയാമെന്നുവച്ചു. നിങ്ങളല്ലാതെ എന്നിൽ മറ്റെന്താണ് ബാക്കിയുള്ളത്". നന്ദി, ഞങ്ങളെ വിശ്വസിച്ചതിന്, അല്ലെങ്കിൽ ഇത്രമേൽ തീക്ഷ്ണമായ, പൊള്ളിക്കുന്ന ഒരു പുസ്തകം ഞങ്ങൾക്ക് ലഭിക്കില്ലായിരുന്നല്ലോ...