2009, ഏപ്രിൽ 20, തിങ്കളാഴ്‌ച

പക്ഷിജന്മങ്ങള്‍

ഞാന്‍ ഒരു പരുന്തല്ല,
ആകാശത്തിന്റെ അനന്തനീലിമകള്‍ എനിക്കന്യം.

പ്രണയിനികളെന്നെ ഭ്രാന്തനെന്നു് പരിഹസിച്ചപ്പോള്‍
നിഷാദശരത്തിന്റെ ക്രൂരതയറിയാത്ത ജന്മമായി,
ക്രൗഞ്ചപക്ഷികള്‍ എന്നെ പുറന്തള്ളി.

വാക്കിന്റെ സാദ്ധ്യതകള്‍ "തത്തമ്മേ പൂച്ച"ക്കപ്പുറമാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും,
എന്നിലെ തത്തയെ പൂച്ച പിടിച്ചു.

സമാധാനത്തിന്റെ ചിറകുകള്‍
ആണവശൈത്യത്തിന്റെ നാള്‍വഴികളില്‍ മരവിച്ചപ്പോള്‍,
എന്റെ പ്രാവു് ജന്മം വിഫലം.

രാത്രിയുടേയും,നിറങ്ങളുടേയും, മഴയുടേയും സംഗീതം
എനിക്കറിയില്ലായിരുന്നു;
ഞാന്‍ കുയിലാകുന്നതു് എങ്ങനെ?

ദാഹജലത്തിന്റെ ഒരു നിമിഷത്തിനായി തൊണ്ടപിടയുമ്പോഴും
ആത്മാവിനുള്ളില്‍ വരള്‍ച്ചയെ സ്നേഹിച്ചപ്പോള്‍,
ഞാന്‍ വേഴാമ്പലും അല്ലാതായി.

ഉഛിഷ്ടത്തിന്റെ നശിച്ച ഗന്ധത്തില്‍ ഓക്കാനിച്ചപ്പോള്‍
എനിക്കുള്ളില്‍ ഒരു കാക്കയും മരിച്ചു.

മരണത്തെ ഭയപ്പെട്ട ഞാന്‍ കഴുകനുമായില്ല.

ഒടുവില്‍ നിശ്ശബ്ദതയുടേയും,നിരാശയുടേയും,
ഒളിച്ചോടലിന്റേയും ഇരുട്ടില്‍
വെറും ഒരു കൂമനായി ഞാന്‍ ഇരുന്നു;
എല്ലാവരേയും പോലെ...