2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ജീവച്ഛവം

മഴക്കാലമാണ്,പനിക്കാലമാണ്,
പുറത്തേക്കിറങ്ങാതിരിക്കുന്നു ഞാനും.
പനിച്ചും,ചുമച്ചും പുതപ്പിന്നടിയില്‍
മനക്കണ്ണടച്ചൊന്നുറങ്ങിക്കിടക്കാം...

കടത്തിണ്ണ തോറും, തണുത്തു കുഞ്ഞുങ്ങള്‍,
വിറച്ചും,വിശന്നും കരയുന്ന ശബ്ദം,
ഉറക്കെ മുഴങ്ങുന്നിടിനാദമൊന്നും
കടക്കില്ലനാവശ്യ ശബ്ദങ്ങള്‍ വീട്ടില്‍!

വസന്തങ്ങളില്‍ പണ്ടിടി മുഴങ്ങുമ്പോള്‍
ജനിക്കാതിരുന്നതില്‍ കേണിരുന്നൂ ഞാന്‍!
ചതുപ്പില്‍ മരണം വിഴുങ്ങുന്ന നേരം,
വിറക്കാത്ത മുഷ്ഠി ഉയര്‍ത്തുവാന്‍ പാടി.

ഒരിക്കല്‍ കിഴവന്‍ ഇരവച്ചു നീട്ടി,
പിടിച്ചെടുത്തൂ എന്റെ ചിന്തയും വാക്കും.
സുഖിക്കാനൊരുപാടു നേരമുള്ളപ്പോള്‍,
കുടിക്കാനൊരുപാടു മദ്യമുള്ളപ്പോള്‍,

പുറത്തേക്കിറങ്ങാതെ ശീലമായി ഞാന്‍,
കുഴഞ്ഞെന്റെ വാക്കുകള്‍, മൂകനായീ ഞാന്‍,
തുറക്കാത്ത ജാലകം, അന്ധനായീ ഞാന്‍,
അനങ്ങാത്ത ദേഹം, മൃതപ്രായനായി...

ചിലപ്പോള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി
കുതിച്ചെത്തിടുന്നൂ വെളിച്ചവും, കാറ്റും.
ഒരുകൂടുപഞ്ഞി നിറച്ചുവച്ചാലും,
ചെവിക്കുള്ളിലൂടെ കടക്കുന്ന ശബ്ദം!

ഇവയോടു ദുഃഖം നടിക്കാം, കരയാം,
ഒരു ദീര്‍ഘശ്വാസത്തിലെല്ലാമൊതുക്കാം,
ഒരിക്കല്‍ പിരിഞ്ഞോരു വാക്കിന്‍ വസന്തം
തിരിച്ചെത്തുമെന്നോരു വീണ്‍വാക്കിറക്കാം.

ഒളിക്കുന്നതാണിന്നെളുപ്പം, അല്ലെങ്കില്‍
ചളിക്കുണ്ടിലൂടെ നടക്കേണ്ട കാലം.
ഉറങ്ങാം, രമിക്കാം, കുടിക്കാം, പനിക്കാം,
മരിച്ചോരു ജീവനായ്, ജീവിച്ചിരിക്കാം!!!