2016, ഡിസംബർ 23, വെള്ളിയാഴ്‌ച

ഭയം

കതകിൽ മുട്ടുന്നാരോ,
ഇരുളിൽ, വീണ്ടും വീണ്ടും.
തുറന്നു നോക്കാനായി
പേടിയാണെനിക്കിപ്പോൾ.

വിശന്ന നേരം തിന്നു-
പോയതിൻ ബാക്കിപത്രം
ചികഞ്ഞു നോക്കാൻ വന്ന
ഭ്രാന്തന്മാരാണെങ്കിലോ.

അറിയാതെന്നോ പണ്ട്
കുറിച്ച വരികൾക്ക്
പകരം വിരൽ വാങ്ങാൻ
വരുന്നോരാണെങ്കിലോ.

ചിലപ്പോൾ പ്രണയിച്ചു
പോയ സാഹസത്തിന്ന്
വിധിക്കാൻ പുറപ്പെട്ട
ന്യായവാദികളാവാം.

കറുത്ത നിയമങ്ങൾ
എഴുതി വച്ചീടുമ്പോൾ
എതിർത്ത കുറ്റത്തിന്ന്
നിയമപാലകരാകാം.

അറിഞ്ഞ ശാസ്ത്രത്തിനാൽ
ഇരുളൊന്നകറ്റുമ്പോൾ
ഉറക്കം നഷ്ടപ്പെട്ട
യമകിങ്കരരാവാം.

പേരുകൾ പലതാവാ-
മെന്നിരുന്നാലും മുഖം-
മൂടിയൊന്നഴിഞ്ഞെന്നാൽ
എല്ലാരുമൊരുപോലെ.
നിറവും ഭാവങ്ങളും
വേറെയായേക്കാമെന്നാൽ
പറയും ഭാഷക്കെല്ലാം
എത്രയോ‌ സാഹോദര്യം.
പേരിവർക്കൊന്നേയുള്ളൂ
'ഭരിക്കുന്നവൻ', ബാക്കി-
യാടയാഭരണങ്ങൾ
മാറിമാറി വന്നേക്കാം.

ആരുമാവട്ടേ ഇനി
തുറക്കാനാവില്ലെനി-
ക്കോർമ്മകൾ കുഴിവെട്ടി
മൂടുവാൻ പഠിക്കണം.

'തെറ്റ് കുറ്റങ്ങൾ'ക്കെല്ലാം
മാപ്പുകൾ പറയണം
മിണ്ടാതെയനങ്ങാതെ
ഉറങ്ങി‌ ജീവിക്കണം.

2016, മാർച്ച് 9, ബുധനാഴ്‌ച

മറുപടി

"എവിടെപ്പോയിരുന്നു നീ
പണ്ടു നീ വന്നിട്ടില്ല,
ഒഴുകിയൊലിച്ചിട്ടു-
ണ്ടൊരുപാടു രക്തം പണ്ടും.
മരണം മണക്കുന്ന
വാക്കുകൾ വീണിട്ടുണ്ട്,
അവിടൊക്കെയും നിന്റെ
തരിപോലും ദർശിച്ചില്ല."

ഉയരുന്നുണ്ടീ ചോദ്യം
അവരെ ചോദ്യം ചെയ്താൽ.

"എവിടെപ്പോയീ നീയ-
ന്നീ മണ്ണ് മുറിച്ചപ്പോൾ,
ചുവന്ന കൊടിയുള്ളോർ
നമ്മളെ വഞ്ചിച്ചപ്പോൾ,
എഴുത്തും സംസാരവും
അവർ പണ്ടെതിർത്തപ്പോൾ,
തലപ്പാവുള്ളോർക്കൊക്കെ
മരണം കുറിച്ചപ്പോൾ,
നഗരങ്ങളേയൊക്കെ
ഞെട്ടിച്ചു പൊള്ളിച്ചപ്പോൾ,
ഒളിച്ചുപോയോ നീയ-
ന്നെതിർത്തു കണ്ടിട്ടില്ല.
ഇനിയും പുലമ്പിയാൽ
അറുത്തു മാറ്റും നാവും
മുറിച്ചു മാറ്റും കൈയ്യും
പിന്നെ നീയനങ്ങില്ല."


ശരിയാണവയൊക്കെ,
ഞാനെങ്ങുമുണ്ടായില്ല,
പതിയെ ഉറക്കം വി-
ട്ടെഴുന്നേൽക്കുന്നേയുള്ളൂ.

തുറന്ന കണ്ണിൽ കണ്ടൂ
നിറയേ ഭയങ്ങളും
കപട സ്തുതി, വെറു-
പ്പാർക്കുന്ന വഴികളും
മുറിഞ്ഞ നാവ്, ചോര
കിനിയും വിരലുകൾ,
ചെവിയിൽ മുഴങ്ങുന്ന
വ്യർത്ഥമാം കരച്ചിലും.

അതുകേട്ടിവിടെത്തീ
എഴുതിത്തുടങ്ങീ ഞാൻ,
പറയാം മറുപടി,
നിർബന്ധമല്ലെങ്കിലും

ഇവിടെയെങ്കിലും ഞാനു-
ണ്ടെവിടെയുമില്ലെങ്കിലും
ഇനിയും കാണും വാക്കിൻ
കവചങ്ങളും പേറി.



2016, ഫെബ്രുവരി 17, ബുധനാഴ്‌ച

നിയമങ്ങൾ

ചുഴന്നെടുത്ത കണ്ണിൽ ഒഴുകിനിറഞ്ഞ പ്രണയം,

പൊള്ളലേറ്റ കവിളിൽ ചുംബനത്തിന്റെ താപം,

അറുത്തുമാറ്റിയ വിരലുകളിൽ കവിതയുടെ മഷി നിറഞ്ഞ പേന,

പിഴുതെടുത്ത നാവിൽ പകുതിയിൽ മുറിച്ച ഒരു ചോദ്യം,

കത്തിച്ച് കളഞ്ഞ ഉടലിന്റെ ചാരത്തിൽ ശാസ്ത്രത്തിന്റെ ദുർഗന്ധം,

ഛേദിക്കപ്പെട്ട മുലകളിൽ വാത്സല്യത്തിന്റെ മുലപ്പാൽ,

മുറിച്ച് മാറ്റിയ ഭ്രൂണത്തിൽ ഒരു ചെറിയ പെൺവിരൽ,

വെട്ടിമാറ്റിയ കൈത്തണ്ടിൽ അദ്ധ്വാനത്തിന്റെ വിയർപ്പ്.

ആൾക്കൂട്ടത്തിന്റെ കോടതിയിൽ
ഭയം ഒരു നിയമമാവുന്നു...
ചരിത്രം ഒരു കെട്ടുകഥയാവുന്നു...
ശബ്ദം ഒരു കുറ്റമാവുന്നു!

2016, ജനുവരി 20, ബുധനാഴ്‌ച

അവർണ്ണഗീതം

അന്ന്,

പ്രണയാർബുദത്തിന്റെ ബാക്കിപത്രം
മുറിച്ച് മാറ്റിയ ഒരു മുല,

ധർമ്മയുദ്ധത്തിൽ നെഞ്ചിൽതറച്ചത്
ഭീരുവായ പുരുഷശ്രേഷ്ഠന്റെ ഒളിയമ്പ്,

സ്വയം പഠിച്ച് മിടുക്കനായപ്പോൾ ഗുരുദക്ഷിണ
അറുത്തെടുത്ത പെരുവിരൽ,

ക്ഷണിച്ച് വരുത്തി സൽക്കരിച്ചുറക്കിയപ്പോൾ
സഹശയനത്തിന് മരണാഗ്നി,

കടുത്ത ശത്രുവിന്റെ വീര്യം കുറയ്ക്കാൻ കിരാതപുത്രന്റെ വിരിമാറ്...

ഇന്ന്,
വഴികൾ നിറയെ പൂത്ത് നില്ക്കുന്ന തൂക്കുമരങ്ങൾ...

2016, ജനുവരി 14, വ്യാഴാഴ്‌ച

ഞങ്ങളില്ല

ഞങ്ങൾ
താഴേയ്ക്ക് വളരുന്ന പടവലങ്ങകളാവാം,
ഇരുളും മുമ്പ് വീടണയുന്ന പക്ഷികളാവാം,
ശരീരം മുഴുവനും വസ്ത്രം പൊതിഞ്ഞുകെട്ടി മൃതദേഹങ്ങളാവാം,
കുട്ടികളെ നിർമ്മിക്കുന്ന ഫാക്ടറികളാവാം,
മാസത്തിൽ ഏഴുദിനം 'മാലിന്യം' പുറന്തള്ളാനുള്ള ഓടകളാവാം,
ഉറക്കെച്ചിരിക്കാനറിയാത്ത മൗനികളാവാം,
മുതുകിൽ ചാട്ടവാർ വീഴുമ്പോഴും മിണ്ടാതിരിക്കുന്ന കഴുതകളാവാം,
ചിറകുണ്ടായിട്ടും പറക്കാനറിയാത്ത വിഢ്ഢിപ്പറവകളാവാം.

പക്ഷേ, എല്ലാവരും പുറകോട്ട് നടന്നു തുടങ്ങുന്ന ഈ കാലത്ത് ,
'അരങ്ങിൽ നിന്നും അടുക്കളയിലേക്ക്' മടങ്ങൂ
എന്നാക്രോശിക്കുന്ന  കാലത്ത്
ഇതെല്ലാമൊരുമിക്കുന്ന മനുഷ്യസ്ത്രീകളാവാനില്ല!!!