2009, ഫെബ്രുവരി 28, ശനിയാഴ്‌ച

വട്ടന്‍

എല്ലാവരും അവനെ വട്ടന്‍ എന്നു വിളിച്ചു...
അവന്‍ ഒരു വെയിലായിരുന്നു,
മഴയായി പെയ്തു തീരാന്‍ കൊതിച്ചു.
അവന്‍ ഒരു അന്വേഷി ആയിരുന്നു,
കൊടുങ്കാറ്റിനുള്ളിലെ നിത്യശാന്തതയാണു തേടിയത് .
അവന്‍ ഒരു പാട്ടുകാരനായിരുന്നു,
മൌന മുഖരിതഗാനങ്ങളാണ് പാടിയത്.
അവന്‍ ഒരു ജലജീവിയായിരുന്നു,
ആഴമില്ലാത്ത അഗാധതയിലാണ് ജീവിച്ചത്.
ശൂന്യതക്കകത്തെ അനന്തതകളായിരുന്നു അവന്റെ കൂട്ടുകാര്‍.
അവന്റെ കവിതകള്‍ നിശ്ശബ്ദതയുടെ ക്രൂരമായ ബഹളങ്ങളെപ്പറ്റിയാണ് പറഞ്ഞത് .
കൂരിരുട്ടിലും നക്ഷത്രങ്ങള്‍ കാണാനാവുമെന്നവന്‍ വിശ്വസിച്ചു.
കൊടും ചൂടിന്റെ നട്ടുച്ചകളിലും അവന്‍ തണുത്ത പ്രഭാതങ്ങള്‍ സ്വപ്നം കണ്ടു.
അതുകൊണ്ടെല്ലാം എല്ലവരും അവനെ വട്ടനെന്നു വിളിച്ചു!
പക്ഷെ അവന്‍ ഒരു പാവം 'മനുഷ്യന്‍' മാത്രമായിരുന്നു!!!

2009, ഫെബ്രുവരി 18, ബുധനാഴ്‌ച

തെക്കോട്ടു വീശുന്ന കാറ്റുകള്‍

എന്റെ കാറ്റുകള്‍ എന്നും തെക്കോട്ടാണു വീശിയിരുന്നത്...
അതുകൊണ്ടവക്ക് മരണത്തിന്റെ മണമാണെന്ന്
എന്റെ കൂട്ടുകാരി എന്നും പറയുമായിരുന്നു.
ഞാനവയൊടു ചോദിച്ചു - "നിങ്ങളെന്തിനാണ് മരണത്തിലേക്കു പോകുന്നത് ?"
"ഞങ്ങള്‍ പ്രണയത്തിലേക്കാണു പോകുന്നത്!"
"നിങ്ങളെന്താണു ചുവന്നിരിക്കുന്നത്?"
"പ്രണയത്തിന്റെ നിറം ചുവപ്പെന്നു നിനക്കറിയില്ലേ!"
എന്റെ മുഖത്തിന് കൂട്ടുകാര്‍ ആരോപിക്കാറുള്ള ചുവന്ന നിറത്തിന്റെ അര്‍ത്ഥം
എനിക്കപ്പോഴാണ് മനസ്സിലായത്...

പുഴകളെന്നും എന്റെ കാറ്റുകള്‍ക്കെതിരേ മാത്രം ഒഴുകി,
ഞാനവരെ എതിര്‍ത്തില്ല,
എതിര്‍പ്പുകള്‍ നീങ്ങുന്നത് ശൂന്യതയിലേക്കണെന്ന് എനിക്കറിയാമായിരുന്നു.

ഉണക്കയിലകള്‍ പോലും എന്റെ കാറ്റുകളെ പുഛിച്ചു ചിരിച്ചു,
ഞാനവയെ തടഞ്ഞില്ല,
തടസ്സങ്ങള്‍ പ്രസവിക്കുന്നത് വെറുപ്പിനെയാണെന്ന് ഞാന്‍ പഠിച്ചിരുന്നു.

കൊടുങ്കാറ്റുകള്‍ എന്റെ കൊച്ചു കാറ്റുകളെ വിഴുങ്ങിയപ്പോഴും ഞാന്‍ പ്രതിഷേധിച്ചില്ല,
കാരണം, പ്രതിഷേധങ്ങള്‍ നീങ്ങുന്നത് രസതന്ത്ര ക്ലാസുകള്‍ പോലെ വിരസമായ ആത്മീയതയിലേക്കാണെന്ന്
ഞാന്‍ കണ്ടെത്തിയിരുന്നു.

ഈ തിരിച്ചറിവുകള്‍ക്കിടയിലെപ്പോഴോ എന്റെ കാറ്റുകള്‍ അവസാനിച്ചു.
പക്ഷെ അവരെനിക്കു ചാര്‍ത്തിത്തന്ന ചുവന്ന മനുഷ്യത്വം മാത്രം എന്നില്‍ ബാക്കിയായി,
അതിപ്പോള്‍ ഒഴുകുകയാണ്
ചോരയായി,കവിതയായി...
തെക്കോട്ട്!!!

2009, ഫെബ്രുവരി 15, ഞായറാഴ്‌ച

മടക്കയാത്ര

പത്ത് വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം എഴുതാനിരിക്കുകയാണ്.അന്ന് വാക്കുകള്‍ ഒരു വെള്ളച്ചാട്ടം പോലെ പേനത്തുമ്പില്‍ വന്ന് നിറയുമായിരുന്നു.ആത്മാവില്‍ നിന്നും അണപൊട്ടി കുതിച്ചെത്തുന്ന വാക്കുകളുടെ വന്യതയില്‍ ഭയന്നു നിന്നിട്ടുണ്ട്. ഒഴുകിപ്പരക്കുന്ന വികാരങ്ങള്‍ക്ക് വരികളിലൂടെ ഒരു ക്രമം നല്കിയാല്‍ മതിയായിരുന്നു. അതു ചിലപ്പോള്‍ കവിതയാകും, ചിലപ്പോള്‍ കഥകളാകും, മറ്റു ചിലപ്പോള്‍ പ്രത്യേകിച്ച് പേരൊന്നും വിളിക്കാനില്ലാത്ത രൂപങ്ങളാകും...പിന്നീട് എപ്പോഴാണതു നിര്‍ത്തിയത്?

ഏന്തുകൊണ്ടു നിര്‍ത്തി എന്ന് ഇടയ്ക്കിടെ സ്വയം ചോദിക്കാറുണ്ട്.ഒരുപക്ഷെ ചുഠും എപ്പോഴും നിറഞ്ഞു നിന്ന ഒത്തിരി സൌഹൃദങ്ങളുടെ ഇടയില്‍ എന്റെ കവിതകള്‍ ഭയന്നു പിന്നിലൊളിച്ചതാവാം.അവക്കെന്നും പ്രിയം ഏകാന്തതയോടായിരുന്നല്ലോ.17 വയസ്സു വരെ അവര്‍ക്കതു വേണ്ടുവോളം കിട്ടി. സ്കൂളും കോളേജും വിട്ടു വന്നാലുള്ള മണിക്കൂറുകള്‍. വായനയുടെയും എഴുത്തിന്റെയും മാന്ത്രിക നിമിഷങ്ങള്‍...കവിതയുടെ, പ്രണയത്തിന്റെ, ഏകാന്തതയുടെ നിമിഷങ്ങള്‍...ഹൃദയത്തിന്റെ മുറിവുകളില്‍ നിന്നും ചോര കുത്തിയൊലിച്ച നിമിഷങ്ങള്‍...ഏഴുതിയെഴുതി കരഞ്ഞുപോയിട്ടുണ്ട്..മുറിവുകള്‍,വേദനകള്‍,ഭയപ്പാടുകള്‍ - പക്ഷെ ആ വിങ്ങലുകള്‍ക്കിടയിലും ഒരു സുഖം കണ്ടെത്താനാകുമായിരുന്നു.വാക്കുകള്‍ കടലാസിലേക്കു പകര്‍ത്തുമ്പോള്‍ എന്റെ ഹൃദയത്തില്‍ സംഗീതം അലയടിക്കുമായിരുന്നു.കരയുമ്പോള്‍ എന്റെ ആത്മാവ് ശുദ്ധീകരിക്കപ്പെടുന്നതായി എനിക്ക് തോന്നിയിരുന്നു. ബാലചന്ദ്രന്‍ ചുള്ളീക്കാട് എഴുതിയതു പോലെ - "ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഖമെന്താനന്ദമാണെനിക്കോമനേ"

പിന്നീടത് മുറിഞ്ഞു പോയി.മൂന്നര വര്‍ഷക്കലം നീണ്ടു നിന്ന engineering പഠനത്തിലൊരിക്കലും വാക്കുകള്‍ എന്റെയുള്ളില്‍ മുറവിളി കൂട്ടിയിട്ടില്ല. അതിനു ശേഷമുള്ള ആറു വര്‍ഷങ്ങളിലും അവരെന്നെ വെറുതെ വിട്ടു. എന്നിലെ കവി മരിച്ചിരിക്കാം.അല്ലെങ്കില്‍ നേരത്തേ പറഞ്ഞതു പോലെ സൌഹൃദങ്ങളുടെ നിറങ്ങളില്‍ എന്റെ വരികളെ ഞാന്‍ വിസ്മരിച്ചിരിക്കാം.പക്ഷെ ആ നിറങ്ങള്‍ക്കകത്തു നില്ക്ക്കുമ്പോഴും അപൂര്‍വമായി ഞാനാ ശബ്ദങ്ങള്‍ കേട്ടിട്ടുണ്ട്.സുഹൃത്തുക്കള്‍ക്കിടയില്‍ തമാശ പറഞ്ഞിരിക്കുമ്പോഴും ആത്മാവിന്റെ ഏകാന്തത ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ആ ശബ്ദങ്ങളെ ഞാന്‍ തള്ളിക്കളഞ്ഞു.ഹൃദയത്തില്‍ എവിടെയോ കാറ്റും,വെളിച്ചവും കടക്കാത്ത ഒരു മുറിയില്‍ ഞാനാ അക്ഷരങ്ങളെ കെട്ടിയിട്ടു. അവിടത്തെ ചൂടിലും,ഇരുട്ടിലും അവ തളര്‍ന്നു ശ്വാസം മുട്ടി മരിച്ചു കാണും.
ഇന്ന് 10 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എഴുതാനിരിക്കുമ്പൊള്‍ എനിക്കങ്ങനെയാണ് തോന്നുന്നത്.ഓരോ വാക്യത്തിനും ശേഷം ഞാന്‍ കുറച്ചു നേരത്തെക്ക് നിശ്ശബ്ദനാകുന്നു. വാക്കുകള്‍ മനസ്സിലൂടെ മുടന്തി നീങ്ങുന്നു. പുറത്തെത്തുന്ന വാക്കുകളാകട്ടെ തന്റെ ഗതകാല സൌന്ദര്യമോര്‍ത്ത് നെടുവീര്‍പ്പിടുന്ന ഒരു വൃദ്ധയുടെ ചുളിവുകള്‍ വീണ മുഖം പോലെ മരവിച്ചിരിക്കുന്നു. പക്ഷെ...ഞാനിപ്പൊള്‍ ഒറ്റക്കാണ്!!!

എന്റെയീ എകാന്തതയില്‍ ആ പഴയ വേദനകള്‍ എനിക്കു തിരികെ വേണം;എന്റെ പേനയില്‍ നിന്നും ഊറ്റിയെടുത്ത ജീവരക്തത്തിന്റെ മഷി എനിക്കു തിരികെ വേണം;മരുഭൂമി പോലെ വരണ്ട, ക്രൂരമായ എന്റെ കണ്ണുകള്‍ക്ക് പ്രണയത്തിന്റെ കണ്ണുനീര്‍ തിരികെ വേണം.താളം പിഴച്ച എന്റെ ജീവിതത്തിന് ആത്മാവിന്റെ സംഗീതം തിരികെ വേണം.നിര്‍ജീവമായ എന്റെ വാക്കുകള്‍ക്ക് കവിതയുടെ ജീവശ്വാസം തിരികെ വേണം...

അതു കൊണ്ട് ഞാന്‍ വീണ്ടും എഴുതാനിരിക്കുകയാണ്.പഴയ സൌന്ദര്യം വാക്കുകളില്‍ ഇല്ലെന്നറിയാം.മെല്ലെ മെല്ലെ അതെന്റെ തൂലികയിലേക്ക് തിരികേയെത്തും എന്ന പ്രതീക്ഷയോടെ അക്ഷരങ്ങളുടെ മഹാശൈലങ്ങളിലേക്ക് ഒരു മടക്കയാത്ര.പിച്ച വച്ചു നടക്കാന്‍ പഠിക്കുന്ന ഒരു കുട്ടിയേപ്പോലെ പഴയ പാതകളിലൂടെ...പുതിയ വഴികള്‍ തേടി,പുതിയ വരികള്‍ തേടി,പുതിയ എന്നെ തേടി....