2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

കുതിരയും കഴുതയും

കുതിരജന്മം* കഴിഞ്ഞു, ഞാന്‍ മുപ്പതില്‍,
കഴുതജന്മം തുടങ്ങുകയാണിനി,
നടുവൊടിയുന്ന ഭാരം ചുമലില്‍ വ-
ച്ചിനിയനങ്ങിക്കുഴഞ്ഞു നീങ്ങീടണം.

പഴയജന്മം പകുതിയും ഭ്രാന്തമാം
ചടുലവേഗങ്ങളില്‍ കുതിച്ചോടി ഞാന്‍,
പ്രണയവും പിന്നെയൊരുപാടു കവിതയും,
അതിമനോഹരം വിപ്ലവസ്വപ്നവും.

മലകള്‍, കാടുകള്‍, തീരങ്ങള്‍ താണ്ടി ഞാന്‍,
പുഴകള്‍,സാഗരമെല്ലാം തിരഞ്ഞു ഞാന്‍
ഒരുനിമിഷം കിതക്കാതെ, ജീവന്റെ
അണുവിലൊക്കെയും സ്വപ്നം വിതച്ചു ഞാന്‍.

മറുപകുതിയിലെത്തിയപ്പോള്‍ മുതല്‍
കുറിയപാതകള്‍ കണ്ടു ഭയന്നു ഞാന്‍,
വഴിയിലൊക്കെപ്പടര്‍ന്നുനില്ക്കുന്ന മുള്‍-
ച്ചെടികള്‍ കണ്ടു വിറച്ചെന്‍ കുളമ്പുകള്‍.

ഒരുകുറി നിസ്സാരമായ് പിന്നിട്ട
വഴികള്‍, യുദ്ധങ്ങള്‍, വേറിട്ട ചിന്തകള്‍
ഇവയിലൊക്കെപ്പതുങ്ങി,പതുക്കെയെന്‍
കുതിരവേഗം കുറച്ചൊന്നൊതുങ്ങി ഞാന്‍

സമതലങ്ങളില്‍ താവളം കണ്ടു ഞാന്‍,
പഴയസ്വപ്നങ്ങളൊക്കെ കരിച്ചു ഞാന്‍,
ഒരുവെറും പേരുമാത്രം 'കുതിര'യെ-
ന്നൊരുകിഴവനായ്,പാഴായ ജന്മമായ്.

കഴുതയായിക്കഴിഞ്ഞു ഞാനെപ്പൊഴോ,
ചെറിയമോഹങ്ങള്‍ മാത്രമെനിക്കിനി,
കഴുതയെങ്കിലും,നല്ലൊരു ഗര്‍ദഭം,
അതുമതി,അത്രമാത്രം മതിയിനി...
 ---------------------------------------------------------------------
* മനുഷ്യജീവിതത്തിന്റെ ആദ്യ മുപ്പതു വര്‍ഷങ്ങള്‍ കുതിരയും, അടുത്ത മുപ്പതു വര്‍ഷങ്ങള്‍ കഴുതയും, പിന്നീടുള്ളത് പട്ടിയും, അവസാനം കൂമനും നല്കിയത് എന്നാണ് സങ്കല്പം.

3 അഭിപ്രായങ്ങൾ: