2016 മാർച്ച് 9, ബുധനാഴ്‌ച

മറുപടി

"എവിടെപ്പോയിരുന്നു നീ
പണ്ടു നീ വന്നിട്ടില്ല,
ഒഴുകിയൊലിച്ചിട്ടു-
ണ്ടൊരുപാടു രക്തം പണ്ടും.
മരണം മണക്കുന്ന
വാക്കുകൾ വീണിട്ടുണ്ട്,
അവിടൊക്കെയും നിന്റെ
തരിപോലും ദർശിച്ചില്ല."

ഉയരുന്നുണ്ടീ ചോദ്യം
അവരെ ചോദ്യം ചെയ്താൽ.

"എവിടെപ്പോയീ നീയ-
ന്നീ മണ്ണ് മുറിച്ചപ്പോൾ,
ചുവന്ന കൊടിയുള്ളോർ
നമ്മളെ വഞ്ചിച്ചപ്പോൾ,
എഴുത്തും സംസാരവും
അവർ പണ്ടെതിർത്തപ്പോൾ,
തലപ്പാവുള്ളോർക്കൊക്കെ
മരണം കുറിച്ചപ്പോൾ,
നഗരങ്ങളേയൊക്കെ
ഞെട്ടിച്ചു പൊള്ളിച്ചപ്പോൾ,
ഒളിച്ചുപോയോ നീയ-
ന്നെതിർത്തു കണ്ടിട്ടില്ല.
ഇനിയും പുലമ്പിയാൽ
അറുത്തു മാറ്റും നാവും
മുറിച്ചു മാറ്റും കൈയ്യും
പിന്നെ നീയനങ്ങില്ല."


ശരിയാണവയൊക്കെ,
ഞാനെങ്ങുമുണ്ടായില്ല,
പതിയെ ഉറക്കം വി-
ട്ടെഴുന്നേൽക്കുന്നേയുള്ളൂ.

തുറന്ന കണ്ണിൽ കണ്ടൂ
നിറയേ ഭയങ്ങളും
കപട സ്തുതി, വെറു-
പ്പാർക്കുന്ന വഴികളും
മുറിഞ്ഞ നാവ്, ചോര
കിനിയും വിരലുകൾ,
ചെവിയിൽ മുഴങ്ങുന്ന
വ്യർത്ഥമാം കരച്ചിലും.

അതുകേട്ടിവിടെത്തീ
എഴുതിത്തുടങ്ങീ ഞാൻ,
പറയാം മറുപടി,
നിർബന്ധമല്ലെങ്കിലും

ഇവിടെയെങ്കിലും ഞാനു-
ണ്ടെവിടെയുമില്ലെങ്കിലും
ഇനിയും കാണും വാക്കിൻ
കവചങ്ങളും പേറി.



2016 ഫെബ്രുവരി 17, ബുധനാഴ്‌ച

നിയമങ്ങൾ

ചുഴന്നെടുത്ത കണ്ണിൽ ഒഴുകിനിറഞ്ഞ പ്രണയം,

പൊള്ളലേറ്റ കവിളിൽ ചുംബനത്തിന്റെ താപം,

അറുത്തുമാറ്റിയ വിരലുകളിൽ കവിതയുടെ മഷി നിറഞ്ഞ പേന,

പിഴുതെടുത്ത നാവിൽ പകുതിയിൽ മുറിച്ച ഒരു ചോദ്യം,

കത്തിച്ച് കളഞ്ഞ ഉടലിന്റെ ചാരത്തിൽ ശാസ്ത്രത്തിന്റെ ദുർഗന്ധം,

ഛേദിക്കപ്പെട്ട മുലകളിൽ വാത്സല്യത്തിന്റെ മുലപ്പാൽ,

മുറിച്ച് മാറ്റിയ ഭ്രൂണത്തിൽ ഒരു ചെറിയ പെൺവിരൽ,

വെട്ടിമാറ്റിയ കൈത്തണ്ടിൽ അദ്ധ്വാനത്തിന്റെ വിയർപ്പ്.

ആൾക്കൂട്ടത്തിന്റെ കോടതിയിൽ
ഭയം ഒരു നിയമമാവുന്നു...
ചരിത്രം ഒരു കെട്ടുകഥയാവുന്നു...
ശബ്ദം ഒരു കുറ്റമാവുന്നു!

2016 ജനുവരി 20, ബുധനാഴ്‌ച

അവർണ്ണഗീതം

അന്ന്,

പ്രണയാർബുദത്തിന്റെ ബാക്കിപത്രം
മുറിച്ച് മാറ്റിയ ഒരു മുല,

ധർമ്മയുദ്ധത്തിൽ നെഞ്ചിൽതറച്ചത്
ഭീരുവായ പുരുഷശ്രേഷ്ഠന്റെ ഒളിയമ്പ്,

സ്വയം പഠിച്ച് മിടുക്കനായപ്പോൾ ഗുരുദക്ഷിണ
അറുത്തെടുത്ത പെരുവിരൽ,

ക്ഷണിച്ച് വരുത്തി സൽക്കരിച്ചുറക്കിയപ്പോൾ
സഹശയനത്തിന് മരണാഗ്നി,

കടുത്ത ശത്രുവിന്റെ വീര്യം കുറയ്ക്കാൻ കിരാതപുത്രന്റെ വിരിമാറ്...

ഇന്ന്,
വഴികൾ നിറയെ പൂത്ത് നില്ക്കുന്ന തൂക്കുമരങ്ങൾ...

2016 ജനുവരി 14, വ്യാഴാഴ്‌ച

ഞങ്ങളില്ല

ഞങ്ങൾ
താഴേയ്ക്ക് വളരുന്ന പടവലങ്ങകളാവാം,
ഇരുളും മുമ്പ് വീടണയുന്ന പക്ഷികളാവാം,
ശരീരം മുഴുവനും വസ്ത്രം പൊതിഞ്ഞുകെട്ടി മൃതദേഹങ്ങളാവാം,
കുട്ടികളെ നിർമ്മിക്കുന്ന ഫാക്ടറികളാവാം,
മാസത്തിൽ ഏഴുദിനം 'മാലിന്യം' പുറന്തള്ളാനുള്ള ഓടകളാവാം,
ഉറക്കെച്ചിരിക്കാനറിയാത്ത മൗനികളാവാം,
മുതുകിൽ ചാട്ടവാർ വീഴുമ്പോഴും മിണ്ടാതിരിക്കുന്ന കഴുതകളാവാം,
ചിറകുണ്ടായിട്ടും പറക്കാനറിയാത്ത വിഢ്ഢിപ്പറവകളാവാം.

പക്ഷേ, എല്ലാവരും പുറകോട്ട് നടന്നു തുടങ്ങുന്ന ഈ കാലത്ത് ,
'അരങ്ങിൽ നിന്നും അടുക്കളയിലേക്ക്' മടങ്ങൂ
എന്നാക്രോശിക്കുന്ന  കാലത്ത്
ഇതെല്ലാമൊരുമിക്കുന്ന മനുഷ്യസ്ത്രീകളാവാനില്ല!!!

2015 ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ബഷീറിന്റെ ചില കഥാപാത്രങ്ങൾ ഇപ്പോൾ

പൊൻ കുരിശ് തോമയും, ആനവാരി രാമൻനായരും (1) ഇപ്പോൾ അകൽച്ചയിലാണ്.
ഇരുവരും വലിയ സമുദായ നേതാക്കൻമാരാണല്ലോ.
നാരായണി(2) ലൗ ജിഹാദിന്റെ ആദ്യത്തെ ഇര എന്നാണ് അറിയപ്പെടുന്നത്.
ആകാശമിഠായി(3) ഇപ്പോഴും ഒറ്റക്കാണ്; മതമില്ലാത്തതിനാൽ അയാൾക്കൊരു കൂട്ട്കൊടുക്കാൻ ആരും തയ്യാറായില്ല.

സ്ഥലത്തെ പ്രധാന ദിവ്യൻമാർ(4) മാത്രം ഇപ്പോഴും സുഖമായിരിക്കുന്നു.
എഴുത്തിന്റെ തമ്പുരാനേ, ഞങ്ങളോട് ക്ഷമിക്കേണമേ...

-----------------------------------------------
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിൽ നിന്ന്
1. ആനവാരിയും പൊൻകുരിശും.
2. മതിലുകൾ.
3. പ്രേമലേഖനം.
4. സ്ഥലത്തെ പ്രധാന ദിവ്യൻ

2015 ജൂലൈ 25, ശനിയാഴ്‌ച

ഈയടുത്ത് കേൾക്കുന്നത്...

"നിങ്ങൾ ഞങ്ങളുടെ കൂടെയല്ലെങ്കിൽ നിങ്ങൾ അവരുടെ കൂടെയാണ് *"...

ഞങ്ങളെന്നും ശരി മാത്രം പ്രവർത്തിക്കുന്നവർ;
ആരെയും തൊട്ടുപോലും നോവിക്കാത്തവർ;
സത്യം മാത്രം പറയുന്നവർ;
ധർമ്മം മാത്രം ചെയ്യുന്നവർ.
അതുകൊണ്ടുതന്നെ ഞങ്ങൾക്കെതിരേ പറയുന്ന നിങ്ങൾ ഭീകരരാണ്;
അക്രമികളും അവസരവാദികളുമാണ്;
കാപട്യവും, ക്രൂരതയും മുഖമുദ്രയാക്കിയവരാണ്;
രാജ്യദ്രോഹികളാണ്!!!

അതുകൊണ്ട്
നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരേണ്ട ബാദ്ധ്യത ഞങ്ങൾക്കില്ല.
നിങ്ങളെഴുതുന്നതെന്തും ഞങ്ങൾ പരിശോധിച്ചേ പുറത്ത് വിടൂ.
നിങ്ങളുടെ സമരങ്ങളെല്ലാം ഞങ്ങൾ അടിച്ചമർത്തും.
ആര് എവിടെ ഇരിക്കണമെന്നും എന്ത് തിന്നണമെന്നും 
എന്ത് ധരിക്കണമെന്നും എന്ത് കാണണമെന്നും ഞങ്ങൾ തീരുമാനിക്കും.

രാജാവിന്റെ നഗ്നത കണ്ടാലും ശബ്ദിക്കരുത്, കാരണവർക്ക് അടുപ്പിലുമാകാം.
നാവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല; 
അത് ഞങ്ങൾക്ക് തരുന്നതാണ് നല്ലത്.
ഞങ്ങൾ മുന്നോട്ട് കുതിക്കുമ്പോൾ വഴിയിൽ തടസ്സം നിൽക്കരുത്, ചവിട്ടിമെതിച്ച് കടന്നുപോകും.
അല്ലെങ്കിൽ നാടുകടത്തും..

പറഞ്ഞല്ലോ, നിങ്ങൾ ഞങ്ങളുടെ കൂടെയല്ലെങ്കിൽ അവരുടെ കൂടെയാണ്*

-----------------------------------------------
* - 'The Matrix' എന്ന സിനിമയിലെ പ്രശസ്തമായ സംഭാഷണശകലം - "If you are not one of us, you are one of them".